
ന്യൂഡൽഹി:സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ മുൻകൂർ നോട്ടീസ് നൽകാതെ ഏകപക്ഷീയമായി സസ്പെൻഡ് ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യം തടസപ്പെടുത്തുന്നതിന് തുല്യമാണെന്ന് കേന്ദ്ര സർക്കാർ. ഇതിന് സമൂഹമാദ്ധ്യമങ്ങൾക്ക് അധികാരമില്ലെന്നും അവർ പൗരന്റെ മൗലികാവകാശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും കേന്ദ്ര ഐ.ടി മന്ത്രാലയം ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. തങ്ങളുടെ അക്കൗണ്ടുകൾ സസ്പെന്റ് ചെയ്തവർ ട്വിറ്ററിനെതിരെ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഒരാളുടെ അക്കൗണ്ട് സസ്പെന്റ് ചെയ്യുക എന്നത് അവസാനത്തെ നടപടിയായിരിക്കണം. നിയമവിരുദ്ധമായ ഉള്ളടക്കമുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ സമൂഹമാദ്ധ്യമങ്ങൾക്ക് അധികാരമുണ്ട്. ഒരാൾ നിരന്തരമായി ഇത്തരത്തിൽ പോസ്റ്റ് ചെയ്താൽ ആ അക്കൗണ്ട് സസ്പെന്റ് ചെയ്യാം. എന്നാൽ സസ്പെന്റ് ചെയ്യുന്നത് മുൻകൂർ നോട്ടീസ് നൽകിയതിന് ശേഷമായിരിക്കണം.സാമൂഹികവും സാങ്കേതികവുമായ പുരോഗതി കാരണം ഒരു പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാൻ കഴിയില്ല. ഭരണഘടനയുടെ 14, 19, 21 അനുച്ഛേദങ്ങൾ ഉറപ്പ് വരുത്താൻ കേന്ദ്രസർക്കാരിന് ഭരണഘടനാപരയായ ബാദ്ധ്യതയുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.