fgg

ന്യൂഡൽഹി: ജനങ്ങളുടെ നടുവൊടിക്കുന്ന പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കമിട്ടു. ഡൽഹിയിൽ പാർലമെന്റിനു സമീപത്തെ വിജയ്‌ചൗക്കിൽ സിലിണ്ടറിനു മുകളിൽ മാലയിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമരം ഉദ്ഘാടനം ചെയ്‌തു.വിജയ്‌ചൗക്കിൽ നടത്തിയ സമാനമായ സമരത്തിന് രാഹുലിനൊപ്പം മല്ലികാർജ്ജുന ഖാർഗെ അടക്കം മുതിർന്ന നേതാക്കളും പാർട്ടി എം.പിമാരും അണിനിരന്നു. പാചകവാതക സിലിണ്ടറുകളിലും മറിച്ചിട്ട വാഹനങ്ങളിലും അന്ത്യാഞ്ജലി അർപ്പിച്ച പ്രതീകാത്മക സമരമാണ് കോൺഗ്രസ് ഇന്നലെ നടത്തിയത്.

തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇന്ധന വില വർദ്ധിക്കുമെന്ന തന്റെ പ്രവചനം കൃത്യമായെന്ന് രാഹുൽ പറഞ്ഞു. ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ,​ ഈ ദ്രോഹ നടപടികൾ അവസാനിപ്പിച്ചേ മതിയാകൂ എന്നും രാഹുൽ ചൂണ്ടിക്കാട്ടി. പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണ്. സർക്കാരിന്റെ ലാഭക്കൊതിക്കെതിരെയാണ് രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കുന്നതെന്നും രാഹുൽ പറഞ്ഞു. വരും ദിവസങ്ങളിൽ ജില്ലാ, സംസ്ഥാന തലത്തിൽ കോൺഗ്രസ് കൂടുതൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ട്.

അതേ സമയം ഇന്ധന വില വർദ്ധനവ്,​ സഭ നിറുത്തി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ എം.പിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് ലോക്‌സഭ തള്ളി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്കരിച്ചു.