
□സംവരണം നൽകിയ നടപടി ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ തമിഴ്നാട്ടിലെ വണ്ണിയർ സമുദായത്തിന് ഏർപ്പെടുത്തിയ സംവരണം സുപ്രീം കോടതി റദ്ദാക്കി. സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടി ഭരണഘടനാവിരുദ്ധവും തുല്യതയ്ക്കുള്ള അവകാശത്തിന് എതിരുമാണെന്ന് ജസ്റ്റിസ് എൽ. നാഗേശ്വരറാവു, ജസ്റ്റിസ് ബി.ആർ ഗവായ് എത്തിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
സംവരണം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി ശരി വച്ചു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് എ.ഐ.എ.ഡി.എം.കെ സർക്കാർ വണ്ണിയർ സംവരണ ആക്ട് പാസ്സാക്കിയത്. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വണ്ണിയർ സമുദായത്തിന് 10.5 ശതമാനം സംവരണമാണ് ഇതിലൂടെ നടപ്പിലാക്കിയത്. വണ്ണിയർ സമുദായത്തെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്താൻ ആവശ്യമായ രേഖകൾ ഹർജിക്കാർ കൈമാറിയില്ല. മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തിയത് പോലെ വണ്ണിയർ സമുദായത്തിന് സംവരണം നൽകാൻ കഴിയില്ലെന്നും. സുപ്രീം കോടതി വ്യക്തമാക്കി.
വണ്ണിയർ സമുദായം പിന്നാക്കാവസ്ഥയിലായതിനാൽ സമുദായത്തിന്റെ ഉന്നമനത്തിന് സംവരണം ഏർപ്പെടുത്തണമെന്നായിരുന്നു പി.എം.കെ സ്ഥാപകൻ എസ്. രാമദാസ് ഉൾപ്പെടെയുള്ളവരുടെ വാദം. തമിഴ്നാട്ടിലെ ഏറ്റവും പ്രബലമായ പിന്നാക്ക സമുദായങ്ങളിൽ ഒന്നാണ് വണ്ണിയർ. സംവരണത്തിനായി സമുദായ നേതൃത്വത്തിൽ ഒട്ടേറെ പ്രക്ഷോഭങ്ങൾ നടന്നു. തമിഴ്നാട്ടിൽ ആകെ സംവരണം 69 ശതമാനമാണ്. ഇതിൽ 30 ശതമാനം പിന്നാക്ക ജാതിക്കാർക്കും 20 ശതമാനം ഏറ്റവും പിന്നാക്ക ജാതികളിൽപ്പെട്ടവർക്കുമാണ്. 18 ശതമാനം പട്ടിക ജാതിക്കും, 1 ശതമാനം പട്ടിക
വർഗത്തിനും ലഭിക്കും.