
 നടപടികൾ എഴുതി നൽകണമെന്ന് സുപ്രീംകോടതി
 അതോറിട്ടി വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് കേരളം
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിട്ടിക്ക് വിടണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ ഡാം സുരക്ഷാ അതോറിട്ടി വിജ്ഞാപനം നടത്തിയ സാഹചര്യത്തിലാണ് ഈ നിർദ്ദേശം. സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ അതോറിട്ടി പരിശോധിക്കുമെന്ന് മുല്ലപ്പെരിയാർ കേസ് പരിഗണിക്കവേ കേന്ദ്ര ജല കമ്മിഷനും മേൽനോട്ട സമിതിക്കും വേണ്ടി ഹാജരായ അഡി. സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി
ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ജസ്റ്റിസ് അഭയ് എസ്. ഓക, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. ഇൗ നിലപാടിനെ പിന്തുണയ്ക്കുന്നതായി തമിഴ്നാട് അറിയിച്ചു. എന്നാൽ, ഹർജികളിൽ കേന്ദ്രസർക്കാർ കക്ഷിയല്ലെന്നും കേന്ദ്രം ശക്തമായ നിലപാട് സ്വീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ നിലപാട്
അണക്കെട്ടിന്റെ ബലപ്പെടുത്തലും അപ്രോച്ച് റോഡ് അറ്റകുറ്റപ്പണികളും ഇപ്പോൾ നടക്കുന്നില്ല. 2022 ഫെബ്രു.17 ന് ഡാം സുരക്ഷാ അതോറിട്ടി വിജ്ഞാപനം ചെയ്തിട്ടുണ്ട്. ജല കമ്മിഷൻ ചെയർമാന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം താത്ക്കാലിക അതോറിട്ടി നിലവിൽ വന്നു. മൂന്ന് വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തി അതോറിട്ടി പൂർണ്ണതോതിൽ പ്രവർത്തിക്കും.
എന്നാൽ, ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കാതിരുന്നതെന്തുകൊണ്ടെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ ചോദിച്ചു. ഡാം സുരക്ഷാ നിയമം പാസ്സാക്കിയതിനുശേഷം കേന്ദ്രം സത്യവാങ്മൂലം ഫയൽ ചെയ്തിട്ടില്ലെന്ന് അഡി. സോളിസിറ്റർ ജനറൽ പറഞ്ഞു. അതോറിട്ടി രൂപീകരണം, മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് സ്വീകരിക്കാൻ പോകുന്ന കാര്യങ്ങൾ എന്നിവ ഏപ്രിൽ 5ന് എഴുതി നൽകാൻ അഡി. സോളിസിറ്റർ ജനറലിന് നിർദ്ദേശം നൽകി.