rddrhrtdg

ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രത്യേക പട്ടാള അവകാശ നിയമത്തിന്റെ (അഫ്സ്പ) പരിധി കുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. മണിപ്പൂർ, നാഗാലാൻഡ്, അസാം എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ നിന്നാണ് നിയമം പിൻവലിക്കുന്നത്. ഏതൊക്കെ പ്രദേശങ്ങളിൽ നിന്നാണ് പ്രത്യേക അവകാശ നിയമം പിൻവലിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. പട്ടാളത്തിന് പ്രത്യേക അവകാശം നൽകുന്ന നിയമം പിൻവലിക്കണമെന്ന് വർഷങ്ങളായി സംസ്ഥാന സർക്കാരുകളും നിരവധി സംഘടനകളും ആവശ്യപ്പെട്ട് വരികയായിരുന്നു. നിയമത്തിന്റെ മറവിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി ആരോപണമുയരുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ നാഗാലാൻഡിൽ തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് സൈനികർ നടത്തിയ വെടിവയ്പ്പിൽ 14 സാധാരണക്കാർ കൊല്ലപ്പെട്ടതിനെ തുടർന്ന് അഫ്‌സ്പ നിയമത്തിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു.

സുപ്രധാന നടപടിയെന്ന് അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ സുപ്രധാന നടപടിയാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശാശ്വത സമാധാനം കൊണ്ടുവരാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നിരന്തര പരിശ്രമമാണ് നടന്നത്. ഈ നടപടികളാണ് നിയമത്തിന്റെ പരിധി കുറയ്ക്കാൻ സഹായിച്ചത്. മുൻ സർക്കാരുകൾ പതിറ്റാണ്ടുകളായി ഈ സംസ്ഥാനങ്ങളെ അവഗണിച്ചു. എന്നാൽ ഇപ്പോൾ അഭൂതപൂർവ്വമായ വികസനത്തിലൂടെ സമൃദ്ധിയുടെയും സമാധാനത്തിന്റെയും പുതുയുഗത്തിന് അവർ സാക്ഷ്യം വഹിക്കുകയാണ്. അമിത് ഷാ പറഞ്ഞു.

എന്താണ് അഫ്‌സ്പ?​

ആഭ്യന്തര അസ്വസ്ഥതകള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന സംസ്ഥാനങ്ങളിൽ സമാധാനം പുന സ്ഥാപിക്കാൻ സൈന്യത്തിന് പ്രത്യേക അധികാരങ്ങൾ നല്കുന്ന നിയമമാണ് അഫ്‌സ്പ ( Armed Forces Special Powers Act). ഇത് നടപ്പിലാക്കുന്ന പ്രദേശങ്ങളിൽ സൈന്യത്തിന് ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാനും കേസെടുക്കാതെ തടവിൽ വയ്ക്കാനും അധികാരമുണ്ട്. ഏതു വീട്ടിലും സെർച്ച് വാറണ്ടില്ലാതെ തിരച്ചിൽ നടത്താവുന്നതാണ്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് സംശയം തോന്നിയാൽ ആർക്കെതിരെയും വെടിയുതിർക്കാം. ഇതിന് സൈനികർക്ക് നിയമ പരിരക്ഷയും ലഭിക്കും.