ggbbg

 റഷ്യൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ

ന്യൂഡൽഹി: യുക്രെയിൻ അധിനിവേശത്തിൽ റഷ്യയെ തള്ളിപ്പറയാത്ത ഇന്ത്യയുടെ നിലപാട് മാറ്റാനുള്ള സമ്മർദ്ദ തന്ത്രവുമായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എലിസബത്ത് ട്രസ് ഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി. റഷ്യയിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾ അടക്കം ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ നീക്കത്തെ നിരുത്സാഹപ്പെടുത്തുകയാണ് ട്രസിന്റെ ദൗത്യം.

റഷ്യൻ അധിനിവേശം ആഗോള സുരക്ഷയ്‌ക്ക് വെല്ലുവിളിയാണെന്ന് ട്രസ് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പറഞ്ഞു. രാജ്യങ്ങളുടെ അഖണ്ഡതയും അതിർത്തിയും അന്താരാഷ്‌‌ട്ര നിയമങ്ങളും ബഹുമാനിക്കണം. റഷ്യ ലോകത്ത് വലിയ സുരക്ഷാ ഭീഷണിയാവുന്നു. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന്റെ ആഘാതം ലോകത്തെ ധരിപ്പിക്കാനുള്ള ശ്രമത്തിലാണ് യു.എസും ബ്രിട്ടനും.

യുക്രെയിൻ അധിനിവേശം ഇന്ത്യയ്‌ക്കും ആശങ്കയുണ്ടാക്കിയെന്നും 22,000 വിദ്യാർത്ഥികളെ ഒഴിപ്പിച്ചെന്നും ജയശങ്കർ പറഞ്ഞു. ലോകമെങ്ങും യുക്രെയിൻ പ്രതിസന്ധിയുടെ പ്രത്യാഘാതമുണ്ടാകും.

ബ്രിട്ടനിൽ നിന്നുള്ള നിക്ഷേപം, ശാസ്‌ത്ര, സാങ്കേതിക, പ്രതിരോധ, സുരക്ഷ, കാലാവസ്ഥ, വിദ്യാഭ്യാസം, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിലെ സഹകരണവും കൂടിക്കാഴ്ചയിൽ ചർച്ചയായി.

സെർജി ലാവ്‌റോവ് എത്തി

ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള നാറ്റോയുടെ തന്ത്രങ്ങൾ പുരോഗമിക്കുന്നതിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് നിർണായക ചർച്ചകൾക്കായി ഡൽഹിയിലെത്തി. ഇന്ധന വില വർദ്ധനവിൽ ബുദ്ധിമുട്ടുന്ന ഇന്ത്യയും യൂറോപ്യൻ രാജ്യങ്ങളുടെ ഉപരോധത്തിൽ എണ്ണ കയറ്റുമതി നിലച്ച റഷ്യയും തമ്മിലുള്ള സഹകരണം ചർച്ചയാവും. സാമ്പത്തിക ഉപരോധം മറികടക്കാൻ ഡോളർ ഒഴിവാക്കി രൂപയും റൂബിളും തമ്മിലുള്ള വിനിമയ സാദ്ധ്യതയും ആരായും.