
ന്യൂഡൽഹി: റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്റെ സന്ദർശന ലക്ഷ്യങ്ങൾ മുൻകൂട്ടി കണ്ട് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി യു.എസ്. യു.എസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ഷെർപാ ദലീപ് സിംഗ്. ഇന്നലെ വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനെയും വിദേശകാര്യസെക്രട്ടറി ഹർഷ് വി ശ്രംഗ്ളയെയും കണ്ട് ഉപരോധങ്ങളെക്കുറിച്ച് ഒാർമ്മപ്പെടുത്തിയതായി അറിയുന്നു. റഷ്യയ്‌ക്കെതിരായ യു.എസ് ഉപരോധത്തിന്റെ സൂത്രധാരനെന്ന് വിശേഷിക്കപ്പെടുന്ന ആളാണ് ദലീപ് സിംഗ്.
റഷ്യയിൽ നിന്ന് എസ് 400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറിനെ നേരത്തെ തന്നെ എതിർത്ത യു.എസ് ഇപ്പോൾ യുക്രെയിൻ അധിനിവേശത്തിന്റെ പേരിൽ ഏർപ്പെടുത്തിയ ഉപരോധം മറികടക്കരുതെന്ന മുന്നറിയിപ്പാണ് നൽകുന്നത്. റഷ്യയുമായുള്ള സഹകരണം ദീർഘകാല ആഘാതമുണ്ടാക്കുമെന്നാണ് യു.എസിന്റെ വാദം. ശ്രംഗ്ളയെയുമായുള്ള കൂടിക്കാഴ്ചയിൽ ഉഭയകക്ഷി-സാമ്പത്തിക സഹകരണ വിഷയങ്ങൾ ചർച്ചയായെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഡോവൽ-ജെഫ്‌റി ചർച്ച
നെതർലൻഡ് സുരക്ഷാ ഉപദേഷ്‌ടാവ് ജെഫ്‌റി വാൻ ല്യൂവനും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും ഡൽഹിയിൽ ചർച്ച നടത്തി. സുരക്ഷാ, പ്രതിരോധ, ഭീകരവിരുദ്ധ സഹകരണം തുടങ്ങിയവ ചർച്ചയായി. ഉഭയകക്ഷി സഹകരണം 75 വർഷം തികഞ്ഞതിന്റെ ഭാഗമായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഏപ്രിൽ നാലുമുതൽ നെതർലാൻഡ് സന്ദർശിക്കുന്നുണ്ട്. അതിനു മുന്നോടിയായാണ് ജെഫ്‌റി എത്തിയത്.