sc-st

ന്യൂഡൽഹി: എസ് സി, എസ് ടി ജീവനക്കാർക്ക് പ്രൊമോഷനുള്ള സംവരണം റദ്ദാക്കുന്നത് ജീവനക്കാരിൽ വലിയ അസ്വസ്ഥതകൾക്കും പ്രത്യാഘാതങ്ങൾക്കും ഇടയാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.

2007 നും 2020 നുമിടയിൽ നാലര ലക്ഷത്തിലധികം ജീവനക്കാർക്ക് സംവരണം വഴി പ്രൊമോഷൻ നൽകിയിട്ടുണ്ട്. പട്ടികജാതി, പട്ടികവർഗ്ഗ പ്രാതിനിധ്യം സർക്കാർ ജോലികളിൽ അപര്യാപ്തമാണ്. പ്രൊമോഷനിൽ ഇവരുടെ സംവരണ ക്വാട്ട ഭരണത്തിന്റെ കാര്യക്ഷമതയെ ബാധിക്കുന്നില്ല. യോഗ്യതയുള്ളവർക്ക് മാത്രമെ സ്ഥാനക്കയറ്റം നൽകുന്നുള്ളുവെന്നും സർക്കാർ വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ 75 മന്ത്രാലയങ്ങളിൽ ആകെ 27,55,430 ജീവനക്കാരാണുള്ളത്. 4,79,301 പേർ പട്ടികജാതിയും, 2,14,738 പേർ പട്ടികവർഗ്ഗവും,4,57,148 പേർ ഒ.ബി.സി വിഭാഗവുമാണ്. എസ് സി വിഭാഗം 17.3 ശതമാനവും എസ് ടി വിഭാഗം 7.7 ശതമാനവും ഒ.ബി.സി 16.5 ശതമാനവുമാണ്. സംവരണത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ സ്ഥാനക്കയറ്റത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പിൻവലിക്കുന്നത് എസ് സി ,എസ് ടി ജീവനക്കാരുടെ പുനർനിയമനത്തിനും,വിരമിച്ച ജീവനക്കാർക്ക് നൽകിയ അധിക ശമ്പളവും പെൻഷനുമടക്കം പിൻവലിക്കുന്നതിനും ഇടയാക്കും. . ഈ വിഭാഗം ജീവനക്കാരുടെ അപര്യാപ്തതയിൽ ദേശീയ പട്ടിക ജാതി കമ്മീഷനും ബന്ധപ്പെട്ട പാർലിമെന്ററി സമിതികളും ആശങ്ക പ്രകടിപ്പിച്ച കാര്യവും സത്യവാങ്ങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി.