 
മൂവാറ്റുപുഴ: ഇൗസ്റ്റ് പായിപ്ര യുണൈറ്റഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അക്ഷരം പുസ്തകസമാഹരണ പദ്ധതിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് ഷാൻ പ്ലാക്കുടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ റജീന ഷിനാജ്, സക്കീർ ഹുസൈൻ, എം.പി. ഇബ്രാഹിം, താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ പി.എം. നൗഫൽ, ലൈബ്രറി ജോയിന്റ് സെക്രട്ടറി എ.എ. ഉനൈസ്, സാലിഹ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
കെ.എം.സി.സി റിയാദ് പ്രസിഡന്റ് ഷറഫ് മുതിരക്കാലായിൽ നൽകിയ അയ്യായിരം രൂപയുടെ പുസ്തകങ്ങൾ കെ.എം.സി.സി റിയാദ് ഭാരവാഹി എം.പി. ഇബ്രാഹിം ലൈബ്രറി പ്രസിഡന്റിന് കൈമാറി 90 ദിവസം നീണ്ടുനിൽക്കുന്ന പുസ്കകസമാഹരണത്തിന് തുടക്കമിട്ടു. ഒരുവീട്ടിൽ നിന്ന് ഒരുപുസ്തകം എന്റെ ഗ്രന്ഥശാലയ്ക്ക് എന്ന സന്ദേശവുമായിട്ടാണ് എല്ലാവീടുകളും പ്രവർത്തകർ സന്ദർശിക്കുന്നത്.
ഗ്രന്ഥശാലയിലെ പുസ്തകങ്ങളുടെ എണ്ണം പതിനായിരത്തിലെത്തിക്കുകയും ചരിത്രം, യാത്രാവിവരണം, നോവൽ, ഉന്നത വിദ്യാഭ്യാസം ചെയ്യുന്നവർക്കുള്ള റഫറൻസ് പുസ്തകങ്ങൾ എന്നിവയുടെ കലവറയായി യുണൈറ്റഡ് പബ്ലിക് ലൈബ്രറിയെ മാറ്റുകയും ചെയ്യും. പോയാലി വിനോദ സഞ്ചാരകേന്ദ്രത്തിന് സമീപത്തുള്ള അക്ഷരാലയത്തിലേക്ക് നിരവധി വിനോദസഞ്ചാരികൾ വിവരങ്ങൾതേടി എത്തുന്നുണ്ടെന്ന് ലൈബ്രറി പ്രസിഡന്റ് ഷാൻ പ്ലാക്കുടിയും സെക്രട്ടറി അഷറഫും പറഞ്ഞു.