ആലുവ: സംഖ്യകൾ മലയാളത്തിൽ ഉച്ചരിക്കുമ്പോൾ ഉണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ പുതുമാർഗവുമായി നിർമ്മാണ തൊഴിലാളി. രണ്ട് പതിറ്റാണ്ടായി മനസിൽ കൊണ്ടുനടന്ന ആശയം പ്രാവർത്തികമാക്കാൻ ഇരുചക്ര വാഹനത്തിൽ സംസ്ഥാനം ചുറ്റിക്കറങ്ങുകയാണ് തൃശൂർ സ്വദേശിയായ ഈ അറുപത്തിരണ്ടുകാരൻ.
തൃശൂർ പടിയൂർ കോന്നോത്ത് വീട്ടിൽ അഗസ്റ്റിൻ സ്വന്തമായി കണ്ടെത്തിയ സമ്പ്രദായം പ്രചരിപ്പിക്കാൻ പിന്തുണ തേടി ആരംഭിച്ച ഇരുചക്ര വാഹനപര്യടനം ഇന്നലെയാണ് ആലുവയിലെത്തിയത്. പര്യടനത്തിന്റെ 11-ാം ദിനമാണ് ഇന്ന്. 900നെ തൊള്ളായിരം എന്ന് പറയുന്നത് ആശയക്കുഴപ്പം ഉണ്ടാകുന്നുവെന്നും പകരം തൊണ്ണൂറ് എന്ന് പറയണമെന്നുമാണ് അഗസ്റ്റിൻ പറയുന്നത്. 9 ന് ഒൻപ്, 90ന് ഒൻപത്, 900ന് തൊണ്ണൂറ്, 9000ന് ഒൻപായിരം, 90000ന് ഒമ്പതിനായിരം എന്ന ക്രമം ആക്കണമെന്നാണ് ആശയം.
തൃശൂരിൽ നിന്നാരംഭിച്ച യാത്ര മലപ്പുറം, കണ്ണൂർ, കാസർകോഡ്, വയനാട്, പാലക്കാട് ജില്ലകൾ കടന്നാണ് ആലുവയിൽ എത്തിയത്. ഇടുക്കി വഴിയാണ് തുടർയാത്ര. തിരുവനന്തപുരത്ത് എത്തുമ്പോൾ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകണം. അതിനായി പേരും ഒപ്പും ശേഖരിക്കുന്നുണ്ട്. മനസിൽ ഈ ആശയം ഉരുത്തിരിഞ്ഞപ്പോൾ മുതൽ പല വേദിയിലായി ആശയപ്രചാരണം നടത്തിയിട്ടുണ്ട്.
വിവിധ വിഷയങ്ങളിൽ പുസ്തകങ്ങൾ രചിക്കാനും ഉദ്ദേശമുണ്ട്. ലക്ഷ്യം യാഥാർത്ഥ്യമാകണമെങ്കിൽ നേരിട്ടുതന്നെ ഇറങ്ങണമെന്ന ചിന്തയാണ് സംസ്ഥാന പര്യടനത്തിന് പ്രേരണയായതെന്ന് അഗസ്റ്റിൻ പറഞ്ഞു.