കോലഞ്ചേരി: കക്കാട്ടുപാറ ഗവ. എൽ.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ദുർഗയുടെ വീട്ടിൽ ഫാനെത്തി, ഇനി കുളിർ കാറ്റേറ്റ് പഠിക്കാം. ക്ളാസ് സമയത്ത് അറിയാതെ ഉറങ്ങിപ്പോകുന്ന ദുർഗയുടെ വീട്ടിലെ സ്ഥിതികൾ മനസിലാക്കി കോലഞ്ചേരി ബി.ആർ.സിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ചന്ദ്രിക മുൻകൈയെടുത്താണ് ദുർഗയ്ക്ക് ഫാനെത്തിച്ച് നൽകിയത്. ക്ലാസ് സമയത്ത് ഉറക്കം പതിവായതോടെയാണ് കുട്ടിയുടെ വീടിന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചത് . കക്കാട്ടുപാറ കനാൽ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിലാണ് ലക്ഷ്മിദാസനും ഭാര്യ സിയയും നാലുമക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഷീറ്റിട്ട് മേഞ്ഞ വീടിന്റെ താഴെ കിടന്നുറങ്ങാൻ കഴിയാത്തവിധം ചൂടാണ്. ക്ലാസിലെത്തിയാൽ കാറ്റടിക്കുമ്പോൾ ദുർഗ താനെ ഉറങ്ങിപ്പോകുന്നതാണ്.
മൂത്തകുട്ടി എട്ടാം ക്ളാസിലാണ് പഠിക്കുന്നത്. താഴെയുള്ളവളാണ് ദുർഗ. രണ്ടും ഒന്നും വയസ്സായ രണ്ട് സഹോദരങ്ങൾ കൂടിയുണ്ട്. ഇവർക്കെല്ലാവർക്കും കൂടിയുള്ളത് കഷ്ടിച്ച് തലചായ്ക്കാവുന്ന ഒരു മുറിയും. തെങ്ങുകയറ്റ തൊഴിലാളിയായ അച്ഛന് കിട്ടുന്ന വരുമാനം മാത്രമാണ് ഏക ആശ്രയം. പുറമ്പോക്ക് ഭൂമിയായതിനാൽ സർക്കാർ സഹായങ്ങളും ഇവർക്കില്ല.
ബി.പി.സി ഡാൽമിയ തങ്കപ്പൻ, ഹെഡ്മിസ്ട്രസ് സിനി, അദ്ധ്യാപിക മിനി, പൂതൃക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജോയി, പി.ടി.എ പ്രസിഡന്റ് ജിജി സി. വർഗീസ് എന്നിവർ ചേർന്നാണ് ഫാൻ കൈമാറിയത്. വീടിരിക്കുന്ന സ്ഥലത്തിന് രേഖകൾ ഇല്ലാത്തതിനാൽ വീട് മാറ്റിപ്പണിയാൻ പോലുമാകാതെയാണ് ഇവർ കഴിയുന്നത്. വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണിക്ക് അമ്മ പോകുമ്പോൾ മൂത്ത കുട്ടികൾ ക്ലാസിൽ പോകാതെ അടച്ചുറപ്പില്ലാത്ത വീട്ടിൽ ഇളയവർക്ക് കാവലിരിക്കും.