ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് വകുപ്പുകളുടെ ഏകോപനമില്ലായ്മ ആലുവയിലെത്തിയവരെ ദുരിതത്തിലാക്കി. കൊവിഡ് നിയന്ത്രണ പശ്ചാത്തലത്തിലും പ്രതീക്ഷിച്ചതിലുമേറെ ഭക്തജനങ്ങൾ ബലിതർപ്പണത്തിനെത്തിയതും മണപ്പുറത്ത് വ്യാപാരമേളയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനാൽ നഗരസഭ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ അലംഭാവം കാട്ടിയതുമാണ് മുഖ്യപ്രശ്നമായത്. ഗതാഗത നിയന്ത്രണം കൃത്യമായി നടപ്പാക്കാൻ പൊലീസ് ശ്രമിക്കാതിരുന്നത് വലിയഗതാഗതക്കുരുക്കിനും ഇടയാക്കി.
ജനങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കേണ്ട പ്രാഥമികചുമതല അതാതിടങ്ങളിലെ തദ്ദേശസ്ഥാപനങ്ങൾക്കാണ്. ആ നിലക്കുള്ള യാതൊരു ഇടപെടലും ഇക്കുറി നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായില്ല. മണപ്പുറത്ത് വ്യാപാരമേളയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച പശ്ചാത്തലത്തിൽ ദേവസ്വം വിളിച്ച ശിവരാത്രി അവലോകനയോഗത്തിൽ നഗരസഭാ ചെയർമാനോ വൈസ് ചെയർമാനോ സെക്രട്ടറിയോ പങ്കെടുത്തില്ല. സെക്രട്ടറിയുടെ പി.എയെ പങ്കെടുപ്പിച്ച് തലയൂരുകായിരുന്നു നഗരസഭയിലെ ഉന്നതർ. ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ശിവരാത്രി ആഘോഷത്തെക്കുറിച്ച് ചർച്ചചെയ്യുന്ന യോഗത്തിൽ നഗരസഭയുടെ മുഖ്യ ഭരണാധികാരികൾ എത്താതിരുന്നത് അന്നേ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് മണപ്പുറത്തെത്തിയ ഭക്തർക്ക് കുടിവെള്ളംപോലും ഉറപ്പാക്കാൻ നഗരസഭ ശ്രമിക്കാതിരുന്നത്. കുടിവെള്ളപ്രശ്നമുണ്ടാകില്ലെന്ന് അവലോകനയോഗത്തിൽ ഉറപ്പ് നൽകിയ വാട്ടർ അതോറിട്ടിയും കൈമലർത്തി. ഒടുവിൽ അൻവർസാദത്ത് എം.എൽ.എയും ദേവസ്വവും ഇടപെട്ട് അവസാനനിമിഷമാണ് വെള്ളമെത്തിച്ചത്. മണപ്പുറത്തെ പൊടിശല്യം ഒഴിവാക്കുന്നതിന് ആരുടെയും ഭാഗത്തുനിന്ന് ശ്രമമുണ്ടായില്ല. കൊവിഡിനെ പ്രതിരോധിക്കാൻ ധരിച്ച മാസ്കാണ് എല്ലാവർക്കും തുണയായത്. കൊട്ടാരക്കടവിലേക്കുള്ള വഴിയിലും പാലസ് റോഡിലുമെല്ലാം ആവശ്യത്തിന് തെരുവ് വിളക്കുകളും ഉണ്ടായില്ല. താത്കാലിക ബസ് സ്റ്റാൻഡ് പ്രഖ്യാപിച്ച ടൗൺഹാൾ കവലയിലെ ഹൈമാസ്ക് ലൈറ്റും മിഴിതുറന്നില്ല. തകരാറിലായ ലൈറ്റ് ശിവരാത്രിയുടെ പ്രാധാന്യം മുന്നിൽക്കണ്ട് തെളിക്കാൻ നഗരസഭ തയ്യാറായില്ല.
വ്യാപാരമേള നടത്താൻ നഗരസഭയ്ക്ക് അനുമതിയുണ്ടായില്ലെങ്കിലും ദേവസ്വംബോർഡിന്റെ സ്ഥലത്തിന് പുറത്ത് 28ന് ഉച്ചതിരിഞ്ഞതോടെ നിരവധി കച്ചവടക്കാർ എത്തിയിരുന്നു. ഇവരിൽനിന്നെല്ലാം നഗരസഭ പണം പിരിക്കുകയും ചെയ്തു. ജില്ലാഭരണകൂടം വ്യാപാരമേളയ്ക്ക് അനുമതി നിഷേധിച്ചിട്ടും അനധികൃതമായി കച്ചവടത്തിനെത്തിയവരെ ഒഴിപ്പിക്കാതെ പിരിവെടുക്കാനാണ് നഗരസഭ ശ്രമിച്ചത്. പാലസ് റോഡിലും പതിവിന് വിരുദ്ധമായി നടപ്പാതകളിൽ കച്ചവടത്തിന് നഗരസഭ അനുമതി നൽകി. ലഭിച്ചതുകയെല്ലാം നഗരസഭയുടെ അക്കൗണ്ടിൽ വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യമുയർന്നുകഴിഞ്ഞു. മണപ്പുറത്ത് ആരോഗ്യപ്രവർത്തകരും ഉണ്ടായില്ല.