കാലടി: ശ്രീരാമകൃഷ്ണമിഷൻ ആഗോളതലത്തിൽ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ 714 കോടിരൂപ ചെലവഴിച്ചതായി കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം പ്രസിഡന്റ് സ്വാമി ശ്രീവിദ്യാനന്ദ വിശദീകരിച്ചു. 452 കോടി രൂപ വിദ്യാഭ്യാസ സേവനങ്ങൾക്കാണ് ചെലവഴിച്ചത്. 262 കോടി രൂപയാണ് ആരോഗ്യവികസനരംഗത്ത് ചെലവഴിച്ചത്. 32 ലക്ഷം പേർക്ക് പ്രയോജനം ലഭിച്ചു. മിഷന്റെ പ്രധാനകേന്ദ്രമായ കൊൽക്കൊത്ത ബേലൂർമഠം ഹെഡ് ക്വാർട്ടേഴ്‌സിൽ നടന്ന 112 ാമത് വാർഷിക സമ്മേളനത്തിൽ മിഷൻ ജനറൽ സെക്രട്ടറി സ്വാമി സുവീരാനന്ദയാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.

പ്രകൃതി ദുരന്തനിവാരണത്തിനും പുനരധിവാസത്തിനുമായി ശ്രീരാമകൃഷ്ണമിഷൻ കഴിഞ്ഞവർഷത്തിൽ 34 കോടിരൂപ ചെലവഴിച്ചു. 33 ലക്ഷം ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിച്ചു. വിദ്യാഭ്യാസ മേഖലയിൽ 539 സ്‌കൂളുകളും 1056 കോളേജുകളുംവഴി 23168 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസസഹായം നൽകി. ആദിവാസികൾക്കും വനമേഖലയിലെ ദുരിതം അനുഭവിക്കുന്നവർക്കുമായി സാമൂഹിക വികസനം, വിദ്യാഭ്യാസം ആരോഗ്യം പൊതുക്ഷേമം എന്നിവയ്ക്കായി 71 കോടിരൂപ ചെലവഴിച്ചു. അദ്വൈതാശ്രമത്തിൽ നടന്ന പരിപാടിയിൽ സ്വാമി ഈശാനന്ദ സംസാരിച്ചു.