കളമശേരി: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കുസാറ്റിൽ നടന്ന ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ യൂത്ത് ആക്ഷൻ ഫോഴ്സ് ക്യാപ്റ്റൻമാരുടെ പരിശീലനം സമാപിച്ചു. പ്രാദേശികമായി ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള വളണ്ടിയർ സേനയാണ് യൂത്ത് ആക്ഷൻ ഫോഴ്സ്.
ദുരന്തനിവാരണം, വിമുക്തി, ഫയർ ആൻഡ് റസ്ക്യു, പാലിയേറ്റീവ് എന്നീ ക്ലാസുകളും പരേഡ്, ജീവിതശൈലീ രോഗങ്ങൾ, പ്രഥമ ശുശ്രൂഷ, പൊലീസ് നിയമ സഹായവും പരിരക്ഷയും സ്വയം പ്രതിരോധം എന്നീ ക്ലാസുകളും നടത്തി. 96 പഞ്ചായത്ത് മുനിസിപ്പൽ പ്രദേശങ്ങളിൽ നിന്നുള്ള വളണ്ടിയർ ക്യാപ്റ്റന്മാരാണ് ക്യാമ്പിൽ പങ്കെടുത്തത്. അഞ്ജലി പരമേശ്വരൻ, വി.ടി ജോബ്, രാമകൃഷണൻ, എം.ജി പ്രവീൺ, മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ എം. ജി രവീന്ദ്രനാഥ്, യു.അനുപമ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
സമാപനം സംസ്ഥാന വൈസ് ചെയർമാർ എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ ആർ. രഞ്ജിത്ത് അദ്ധ്യക്ഷനായി. പി.എം. സാജൻ, എ.കെ. അരവിന്ദ്, പി.ആർ. ശ്രീകല എന്നിവർ സംസാരിച്ചു.