കുമ്പളം: ബോട്ട് ജെട്ടി നിർമ്മാണത്തിൽ പാകപ്പിഴ കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചു പണിയാൻ എക്സിക്യൂട്ടിവ് എൻജിനീയരുടെ നിർദ്ദേശം. കുമ്പളം ഫെറിയിലെ ബോട്ട് ജെട്ടി നിർമ്മാണത്തിലാണ് പാകപ്പിഴ കണ്ടെത്തിയത്. കുമ്പളം, തേവരഫെറി എന്നിവിടങ്ങളിലാണ് ഇറിഗേഷൻ വകുപ്പിന് കീഴിൽ രണ്ട് ബോട്ട് ജെട്ടി നിർമ്മാണം നടക്കുന്നത്. തേവര ഫെറിയിൽ ഒരു കോടി രൂപയും കുമ്പളത്ത് 78 ലക്ഷം രൂപയുമാണ് ഇറിഗേഷൻ വകുപ്പ് ജെട്ടി നിർമ്മാണത്തിന് അനുവദിച്ചത്. രണ്ട് ജെട്ടിയുടെയും നിർമ്മാണ കരാർ ഏറ്റെടുത്ത് നടത്തുന്നത് ഒരേ വ്യക്തി തന്നെയാണ്. ഇതിൽ തേവര ഫെറിയിലേത് എസ്റ്റിമേറ്റ് പ്രകാരം തന്നെ നിർമ്മാണം പൂർത്തിയാക്കി. കുമ്പളം ജെട്ടിയുടെത് നിർമ്മാണം നടന്നു വരുന്നു.

തിങ്കളാഴ്ച്ച രാവിലെ പ്രവൃത്തി വിലയിരുത്താനെത്തിയ അസിസ്റ്റന്റ് എൻജിനീയർ ഹാറൂൺ റഷീദ്, ഓവർസീയർ പി.പി. ശ്രീകുമാർ എന്നിവരാണ് നിർമ്മാണത്തിലെ പാകപ്പിഴ കണ്ടെത്തിയത്. വേലിയേറ്റം, വേലിയിറക്കം എന്നിവയുടെ ജലനിരപ്പ് അനുസരിച്ച് ബോട്ട് അടുപ്പിക്കുമ്പോൾ യാത്രക്കാർക്ക് കയറിയിറങ്ങുന്നതിനുള്ള സൗകര്യത്തിനായി 50 സെന്റി മീറ്റർ വീതം ഉയരവ്യത്യാസത്തിലുള്ള മൂന്ന് പ്ലാറ്റ്ഫോമുകളാണ് എസ്റ്റിമേറ്റ് പ്രകാരം നിർമ്മിക്കേണ്ടത്.

നിർമ്മാണത്തിലിരിക്കുന്ന പ്ലാറ്റ് ഫോമിന് 30 സെന്റീ മീറ്റർ ഉയരം കൂടുതലായി കണ്ടെത്തി. ഇത് പൊളിച്ച് പണിയണമെന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ കരാറുകാരൻ ഇത് കൂട്ടാക്കിയില്ല. തുടർന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ടി. സന്ധ്യ സ്ഥലത്തെത്തി കരാറുകാരനോട് തകരാർ പരിഹരിച്ച് പുനർനിർമ്മാണം നടത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിൽ ക്ഷുഭിതനായ കരാറുകാരൻ തങ്ങളെ ഭീഷണിപ്പെടുത്തിയതായും ഉദ്യോഗസ്ഥർ പറയുന്നു. തകരാർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും വിഷയത്തിൽ ഇടപ്പെട്ടതോടെ തകരാർ പരിഹരിച്ച് പുനർനിർമ്മാണം നടത്താമെന്ന് കരാറുകാരൻ സമ്മതിക്കുകയായിരുന്നു.