pic
നേര്യമംഗലം പാലം

കോതമംഗലം: ഏഷ്യയിലെ ആദ്യ എ ക്ലാസ്‌ ആർച്ച് പാലമായ നേര്യമംഗലം പാലം തലയുയർത്തി നാടിനുമുഴുവൻ തിലകക്കുറിയായി നിൽക്കുവാൻ തുടങ്ങിയിട്ട് 87വർഷങ്ങൾ പിന്നിടുകയാണ്. 1935 മാർച്ച് രണ്ടിന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് ഉദ്ഘാടനം ചെയ്തതാണ് നേര്യമംഗലം പാലം. രണ്ട് മഹാപ്രളയങ്ങളെയാണ് കമാന ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ പാലം അതിജീവിച്ചത്. ഇന്നും തലയെടുപ്പോടെ നിൽക്കുന്ന പാലം കാണുവാൻ ആനച്ചന്തം തന്നെയാണ്.

എറണാകുളം -ഇടുക്കി ജില്ലയുടെ പ്രവേശനകവാടം കൂടിയാണ് നേര്യമംഗലം പാലം. കൊല്ലവർഷം 1099ൽ കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിൽ കൊച്ചിയിൽനിന്ന് കുട്ടമ്പുഴവഴി മൂന്നാറിലേക്കുള്ള പാത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പൂർണമായും തകർന്നുപോയി. 99ലെ പ്രളയം എന്ന് ചരിത്രം രേഖപ്പെടുത്തിയ പ്രകൃതിക്ഷോഭത്തിൽ കേരളത്തിന്റെ ഭൂപ്രകൃതി മാറ്റിയ സംഭവങ്ങളിൽ ഒന്നായിരുന്നു കൊച്ചി - മൂന്നാർ പാതയുടെ തകർച്ച. ഇതേത്തുടർന്ന് മൂന്നാറിൽനിന്ന് കൊച്ചിയിലേക്കുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടം തടസപ്പെട്ടു. തകർന്ന പാതയ്ക്കുപകരം പുതുതായി മറ്റൊരു മാർഗം നിർമിക്കാൻ തിരുവിതാംകൂർ മഹാറാണി സേതു ലക്ഷ്മിഭായിയുടെ ഉത്തരവുണ്ടായി. അങ്ങനെ ആലുവമുതൽ മൂന്നാർവരെ പുതിയ പാതയ്ക്കുള്ള സ്ഥലംകണ്ടെത്തി. പുതിയ പ്ളാനനുസരിച്ച് പെരിയാറിന് കുറുകെ നേര്യമംഗലത്ത് പാലം പണിയേണ്ടതായി വന്നു. മഴക്കാലത്ത് പെരിയാറിൽ ഉണ്ടായേക്കാവുന്ന ശക്തമായ ഒഴുക്ക് കണക്കിലെടുത്ത് പാലത്തിന്‌ വെള്ളത്തിന്റെ ശക്തിയെ അതിജീവിക്കാനായി കമാനാകൃതി നൽകുകയായിരുന്നു. 1924ൽ ആരംഭിച്ച നിർമ്മാണ പ്രവൃത്തികൾ പത്തുവർഷംകൊണ്ടാണ്‌ പൂർത്തിയായത്.

 ഹൈറേഞ്ചിന്റെ വളർച്ചയുടെ മുഖ്യകണ്ണി

റാണി സേതു ലക്ഷ്മിഭായിയുടെ പേരിൽ നിർമിച്ചിരിക്കുന്ന പാലം 1935നുശേഷം ഹൈറേഞ്ചിനുണ്ടായിട്ടുള്ള എല്ലാ വളർച്ചയിലും മുഖ്യപങ്ക്‌ വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന്‌ ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിന് വഴിയൊരുക്കിയതും നേര്യമംഗലം പാലമാണ്. സുർക്കിയും കരിങ്കല്ലും ഉപയോഗിച്ചാണ് നിർമ്മാണം. 1961ലും 2018ലും ഉണ്ടായ മഹാപ്രളയങ്ങളെ അതിജീവിച്ച് പെരിയാറിന് കുറുകെ, കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലത്തിന്റെ തലയെടുപ്പായി ഈ പാലം നിലകൊള്ളുകയാണ്.