pic
അയ്യപ്പൻമുടി

കോതമംഗലം: വിനോദസഞ്ചാരികൾക്കും കായികപ്രേമികൾക്കും ഇഷ്‌ടതാവളമാണ്‌ നാടുകാണിയിലെ അയ്യപ്പൻമുടി. കാഴ്‌ചകളുടെ വ്യത്യസ്‌ത അനുഭവമൊരുക്കി ചരിത്രാന്വേഷികൾക്ക്‌ വഴികാട്ടിയാകുകയാണ് ഇവിടം. 700 അടിയോളം ഉയരത്തിൽ ഒറ്റപ്പാറയിൽ വിരിഞ്ഞയിടമാണ്‌ അയ്യപ്പൻമുടി. വേട്ടയ്‌ക്കിടെ സാക്ഷാൽ അയ്യപ്പസ്വാമി കീരംപാറയ്‌ക്കടുത്തുളള നാടുകാണി മലയിലെത്തി വിശ്രമിച്ചെന്നാണ്‌ ഐതിഹ്യം.

കുത്തനെയുള്ള പാറകയറി മുകളിലെത്തിയാൽ ആകാശം കൈക്കുമ്പിളിനടുത്താണന്ന പ്രതീതിയുണ്ടാകും. അയ്യപ്പസ്വാമിയെത്തിയതിന്റെ സ്‌മരണാർത്ഥം നാട്ടുകാർ പാറമുകളിൽ അയ്യപ്പക്ഷേത്രം നിർമ്മിച്ച്‌ ആരാധന നടത്തിവരുന്നു. 1300 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പാറപ്പുറമാണ്‌ അയ്യപ്പൻമുടി. കോതമംഗലം പട്ടണവും പൂയംകുട്ടിയിലെ നിത്യഹരിതവനവും സഹ്യപർവ്വതനിരകളും ഇവിടെനിന്ന് ബൈനോക്കുലറിലൂടെ വീക്ഷിക്കാനാകും.

 മുനിയറകളും ഉരുളപ്പാറയും

അയ്യപ്പൻമുടിയുടെ വിവിധ ഭാഗങ്ങളിലായി മുനിയറകളുണ്ട്‌. ഋഷിമാർ പണ്ട്‌ തപസനുഷ്‌ഠിച്ചിരുന്ന ഇടമാണ്‌ മുനിയറകളെന്നാണ്‌ പറയുന്നത്‌. പാറയ്ക്കുമുകളിൽ കടുവാ അള്ളുകളും നായ്‌ക്കൾക്ക്‌ ഉരുള കൊടുത്തിരുന്ന ഉരുളപ്പാറയും വേറിട്ടതായി കാണാം. പ്രകൃതിസ്നേഹികൾക്ക് കണ്ണുനിറയെ കാണാനും മനംനിറയെ ആസ്വദിക്കാനും അയ്യപ്പൻമുടി നൽകുന്ന സൗന്ദര്യം വാക്കുകൾക്ക് അതീതമാണെന്നാണ് സഞ്ചാരികളുടെ അഭിപ്രായം. ഇവിടെയെത്തുന്നവർ പറയുന്നു. കോതമംഗലത്തെത്തുന്ന പ്രകൃതി സ്നേഹികൾ അയ്യപ്പൻമുടി സന്ദർശിക്കാതെ മടങ്ങാറില്ല.ടൂറിസം വികസനപദ്ധതിയുടെ ഭാഗമായി അയ്യപ്പൻമുടിയിലേക്ക്‌ വിനോദസഞ്ചാരികളെ

കൂടുതൽ ആകർഷിപ്പിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കിയാൽ ടൂറിസം രംഗത്ത് വൻസാദ്ധ്യതയാണ് അയ്യപ്പൻ മുടിക്കുള്ളത്. വിദേശ സഞ്ചാരികളെയടക്കം അയ്യപ്പൻമുടിയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞാൽ ലോക ടൂറിസംരംഗത്ത് അയ്യപ്പൻമുടിയും ഇടംപിടിക്കും.