ആലുവ: ശ്രീനാരായണ ഗുരുദേവ ദർശനം ജീവിതത്തിൽ ഉൾകൊണ്ടയാൾ ഒരിക്കലും ഒരു മതത്തെയും വേറിട്ട് കാണില്ലെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ദാർശനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
ദാർശനികൻ എന്ന നിലയിൽ ഗുരുദേവനെ ഇനിയും ലോകം അംഗീകരിക്കേണ്ടിയിരിക്കുന്നു. അത്രത്തോളം ആഴത്തിലുള്ള ദാർശനികതയാണ് ഗുരു ലോകത്തിന് സമർപ്പിച്ചത്. എല്ലാ മനുഷ്യരും ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് വരുന്ന ദർശനമാണ് ഗുരുദേവൻ ലക്ഷ്യമിട്ടിരുന്നത്. എല്ലാ മതഗ്രന്ഥങ്ങളെ കുറിച്ചും മനുഷ്യർ പഠിക്കണം. എല്ലാ മതങ്ങളും മനുഷ്യനന്മയാണ് ലക്ഷ്യമിടുന്നത്. മനുഷ്യനെ മനുഷ്യനിൽ നിന്നും മാറ്റി നിർത്തുന്ന, മാനവികതയ്ക്ക് പ്രാധാന്യം നൽകാത്ത ഒരു ദർശനത്തിനും പ്രസക്തിയില്ലെന്ന് ഗുരു സമൂഹത്തെ ബോധ്യപ്പെടുത്തിയെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു.
ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച്. മുസ്തഫ മൗലവി, സ്വാമി മുക്താനന്ദയതി (നിത്യനികേതൻ ആശ്രമം), ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, പി.എസ്. സിനീഷ്, നാരായണ ഋഷി എന്നിവർ സംസാരിച്ചു. സ്വാമി ഗുരുപ്രകാശം സ്വാഗതവും എം.വി. മനോഹരൻ നന്ദിയും പറഞ്ഞു.