കൊച്ചി: വല്ലാർപാടം ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ വനിതകൾക്കായി പഞ്ചകർമ്മ ചികിത്സ ആരംഭിച്ചു. മുളവുകാട് ഗ്രാമപഞ്ചായത്തിന്റെ വാർഷികപദ്ധതി പ്രകാരമാണ് പരിപാടി നടപ്പിലാക്കുന്നത്. പ്രസിഡന്റ് വി.എസ്. അക്ബർ ഉദ്ഘാടനം ചെയ്തു. മുളവുകാട് പഞ്ചായത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും മത്സ്യ ബന്ധന മേഖലയുമായും കൃഷിയുമായും ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. കഠിനാദ്ധ്വാനം ചെയ്യുന്ന ഇവർ നിരവധി ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നു. ഇത്തരക്കാർക്ക് പഞ്ചകർമ്മ ചികിത്സ ഗുണം ചെയ്യുമെന്ന് ഭാരതീയ ചികിത്സാവകുപ്പ് ജില്ല മെഡിക്കൽ ഓഫീസർ ഡോ. സോണിയ ഇ.എ. പറഞ്ഞു. പോസ്റ്റ് കൊവിഡ് രോഗങ്ങൾക്കുള്ള പ്രത്യേക ചികിത്സ,
പ്രസവിച്ച സ്ത്രീകൾക്കും നവജാത ശിശുക്കൾക്കും ഔഷധങ്ങൾ നൽകുന്ന വന്ദേമാതരം പദ്ധതി, കുട്ടികൾക്ക് വേണ്ടിയുള്ള പ്രതിരോധ മരുന്നുകൾ, ജീവിതശൈലീജന്യ രോഗ നിവാരണ ക്ലിനിക്, രക്തക്കുറവുള്ളവർക്കുള്ള അരുണിമ ചികിത്സാ പദ്ധതി, കൊവിഡുമായി ബന്ധപ്പെട്ട ചികിത്സാപദ്ധതികൾ തുടങ്ങിയ സേവനങ്ങൾ ആശുപത്രിയിൽ ലഭ്യമാണ്.