 
അങ്കമാലി: തുറവൂർ പുല്ലാനിയിൽ പ്രവർത്തിക്കുന്ന ആശ്വാസ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ എട്ടാമത് വാർഷികവും ഉപകരണങ്ങൾ ഏറ്റുവാങ്ങലും നടന്നു. ഡോ. അരുൺ ബി. കൃഷ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സ്വപ്ന രാജൻ അദ്ധ്യക്ഷതവഹിച്ചു. അങ്കമാലി ശാരോൺ പ്രെയർ ഫെല്ലോഷിപ്പ് ചർച്ചിലെ ഉദാരമതികളുടെ സഹായത്താൽ കട്ടിലുകൾ, വാക്കർ ഉൾപ്പെടെ 50,000രൂപയുടെ ഉപകരണങ്ങൾ പാസ്റ്റർ തമ്പി ദാനിയലിൽനിന്ന് പാലിയേറ്റീവ് രക്ഷാധികാരിയും മുൻപഞ്ചായത്ത് പ്രസിഡന്റുമായ കെ.വൈ. വർഗീസ് ഏറ്റുവാങ്ങി.
കാൻസർ രോഗികൾക്കും കിഡ്നി സംബന്ധമായ അസുഖം ബാധിച്ചവർക്കും സാമ്പത്തികസഹായം എത്തിക്കാൻ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്. പുല്ലാനിയിലെ പി.എ. ജോസ്, സാൻജോ വർഗ്ഗീസ് എന്നിവരുടെ ഓർമ്മയ്ക്കാണ് പാലിയേറ്റീവ് യൂണിറ്റ് ആരംഭിച്ചത്. സൗജന്യമായി വിട്ടുനൽകിയ പുത്തേൻ പി.വി. വറിയതിന്റെ നവതി മന്ദിരത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത് . വാർഷികയോഗത്തിൽ പഞ്ചായത്ത് മെമ്പർ എം.എസ്. ശ്രീകാന്ത്, പാലിയേറ്റീവ് സെക്രട്ടറി പി.വി. ജോയി, തുറവൂർ ഗ്രാമീണ സഹകരണസംഘം സെക്രട്ടറി കെ.വി. പീറ്റർ, ഷേർളി ജോസ്, തോമസ് പയ്യപ്പിള്ളി, ആഷ ജോയി എന്നിവർ സംസാരിച്ചു.