കൊച്ചി: ഹൈന്ദവസമൂഹം കാലങ്ങളായി തുടർന്നുവന്ന ആചാരാനുഷ്ഠാനങ്ങൾ തലമുറമാറ്റത്തിന്റെ പേരിൽ നിസാരവത്കരിക്കുകയാണെന്ന് ഹിമാലയത്തിലെ ബദരീനാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരി പറഞ്ഞു. ശിവരാത്രി ദിനത്തിൽ വിശ്വഹിന്ദുപരിഷത്ത് തുടക്കമിട്ട മഹാസമ്പർക്കയജ്ഞം കലൂർ പാവക്കുളം ക്ഷേത്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാമജപവും ക്ഷേത്രദർശനവും നമ്മിൽ ഉറങ്ങികിടക്കുന്ന ദേവചൈതന്യത്തെ തിരിച്ചറിയാനുള്ള ഉപാധികളാണ്. ഭക്തിയിലൂടെ മാത്രമേ മനുഷ്യന് മോക്ഷപ്രാപ്തിയിലെത്താൻ കഴിയൂ. അതിന്റെ തുടക്കമാണ് വി.എച്ച്.പിയുടെ മഹാസമ്പർക്കയജ്ഞമെന്ന് അദ്ദേഹം പറഞ്ഞു. വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷൻ വിജിതമ്പി, സംസ്ഥാനസെക്രട്ടറി വി.ആർ. രാജശേഖരൻ, കെ.എൻ. സതീഷ്, പ്രൊഫ. മധുകർറാവു ദീക്ഷിത് തുടങ്ങിയവർ സംസാരിച്ചു.