കൊച്ചി: ട്വന്റി 20 പ്രവർത്തകൻ ദീപുവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കേരള സ്റ്റേറ്റ് ഹരിജൻ സമാജം. കേരളവുമായി ബന്ധമില്ലാത്ത സി.ബി.ഐ ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിക്കണം. പി.വി. ശ്രീനിജിൻ എം.എൽ.എയുടെയും സി.പി.എം ജില്ലാ നേതാക്കളുടെയും ഫോൺ രേഖകൾ പരിശോധിക്കണമെന്നും സമാജം രക്ഷാധികാരി എം.കെ. കുഞ്ഞോൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എസ്.സി എസ്.ടി വിഭാഗങ്ങൾക്കെതിരെ സി.പി.എം സർക്കാർ അക്രമം അഴിച്ചു വിടുകയാണ്. കിഴക്കമ്പലത്ത് സമാജത്തിന്റെ നേതൃത്വത്തിൽ സമരപരിപാടികൾ ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് വി.കെ. വേലായുധൻ, ജന. സെക്രട്ടറി എം.കെ. അംബേദ്കർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.