പുത്തൻകുരിശ്: മാനവരാശിക്കും ലോകസമാധാനത്തിനും ഭീഷണിയായി യുക്രെയിൻ പ്രതിസന്ധി മാറിയിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കുവാനും മാനവികമൂല്യവും മനുഷ്യത്വവും ഉയർത്തിപ്പിടിക്കാനും ശക്തമായ രാജ്യാന്തര ഇടപെടൽ വേണമെന്നും യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ പറഞ്ഞു. ഓരോ യുദ്ധവും ലോകത്തെ കൂടുതൽ മോശമാക്കുകയും പിന്നോട്ട് നയിക്കുകയും ചെയ്യുന്നു. മനുഷ്യകുലവും രാജ്യങ്ങളും മാരകമായ രോഗങ്ങളുടെ ഭീഷണിയിൽ നിന്ന് മോചിതമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ യുദ്ധസാഹചര്യം അപകടകരമാണ്. യുദ്ധക്കെടുതിമൂലം അനേകർ അഭയാർത്ഥികളായി പലായനം ചെയ്യേണ്ടിവരുന്നു. സമാധാനം നിലനിൽക്കുന്ന നഗരങ്ങളിലെ ആക്രമണങ്ങൾ അസംഖ്യം സാധാരണക്കാരുടെ ജീവനെയും ജീവിതത്തെയും പ്രതിസന്ധിയിലാക്കുന്നു. മനുഷ്യജീവനും നിലനിൽപ്പിനും സഹവർത്തിത്വത്തിനും ഭീഷണിയും രാജ്യാന്തര നിയമങ്ങൾക്കു നിരക്കാത്തതുമായ പ്രവർത്തനങ്ങളിൽനിന്ന് രാജ്യങ്ങളെ പിന്തിരിപ്പിക്കാൻ ഐക്യരാഷ്ട്രസഭയും മ​റ്റു രാജ്യാന്തര സമൂഹങ്ങളും ശക്തമായി ഇടപെടണം. യുദ്ധഭൂമിയിൽ കുരുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് സത്വരനടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ശ്രേഷ്ഠ ബാവാ അഭ്യർത്ഥിച്ചു.