kmc
റിയാദ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാരുണ്യസ്പർശം പദ്ധതിയുടെ ഭാഗമായി കിടപ്പുരോഗികൾക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.വി.സി അഹമ്മദ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിത നൗഷാദിന് നൽകി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ : കാരുണ്യത്തിന്റെയും നന്മയുടെയും പ്രചാരകരായി റിയാദ് കെ.എം.സി.സി എറണാകുളം ജില്ലാ കമ്മിറ്റി. ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും കരുതലുമായി കെ.എം.സി.സി മാറുന്നത് സന്തോഷകരമാണെന്ന് മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.വി.സി അഹമ്മദ് പറഞ്ഞു. കെ.എം.സി.സി റിയാദ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കുളം പഞ്ചായത്തിലെ മൗലൂദ്പുരയിൽ കിടപ്പ് രോഗികൾക്കായി ആധുനിക രീതിയിലുള്ള കട്ടിൽ, ബെഡ്, നിർമ്മിതകാൽ എന്നിവയുടെ വിതരണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിത നൗഷാദ് ഉപകരണങ്ങൾ ഏറ്റുവാങ്ങി. മുസ്ലിംലീഗ് വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷാജഹാൻ അദ്ധ്യക്ഷനായിരുന്നു.

പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി എം. അഹമ്മദുണ്ണി (ബാവ), പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷജീന ഹൈദ്രോസ്, അംഗങ്ങളായ സുധീർ മുച്ചേത്ത്, അഷറഫ് ചീരേക്കാട്ടിൽ, തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. നാസർ, മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.എ. നൗഷാദ്, മണ്ഡലം സെക്രട്ടറി ഹാരിസ് മറ്റപ്പിള്ളി, സി.എം മുഹമ്മദ്, അനസ് മേത്തരുകുടി, അനസ് ചേരുംമൂടൻ തുടങ്ങിയവർ പങ്കെടുത്തു.
മുവാറ്റുപുഴ ജനറൽ ആശുപത്രി, കളമശേരി മെഡിക്കൽ കോളേജ്, വെങ്ങോല പാലായിക്കുന്ന് ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നു. റിയാദ് കെ.എം.സി.സി എറണാകുളം ജില്ല പ്രസിഡന്റ് ജലീൽ കരിക്കന, ജനറൽ സെക്രട്ടറി ഉസ്മാൻ പരീത്, ട്രഷറർ ജലീൽ പുക്കാട്ടുപടി, ട്രഷറർ ജലീൽ പുക്കാട്ടുപടി, ജീവകാരുണ്യവിഭാഗം കൺവീനർ നിയാസ്, ഓർഗനൈസിംഗ് സെക്രട്ടറി അമീർ ബീരാൻ എന്നിവരാണ് കെ.എം.സി.സി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.