പെരുമ്പാവൂർ: പനിച്ചയം ദേവീക്ഷേത്രത്തിലെ പത്തുദിവസം നീണ്ടുനിൽക്കുന്ന താലപ്പൊലി മഹോത്സവത്തിന് തുടക്കമായി. ആഘോഷ പരിപാടികൾ മാർച്ച് 7ന് സമാപിക്കും. ഇന്ന് രാത്രി ന് കുറ്റിക്കുഴി കാർത്തിക നൃത്തകലാ ക്ഷേത്രത്തിലെ കുട്ടികളുടെ നൃത്തസന്ധ്യ, 4ന് തീയതി രാത്രി 8ന് ചാക്യാർകൂത്ത്, 5ന് രാത്രി 8.30ന് ചേർത്തല രംഗകലയുടെ കുറത്തിയാട്ടം, 6ന് രാത്രി 9ന് തിരുവനന്തപുരം സംഘകേളിയുടെ നാടകം - മകളുടെ ശ്രദ്ധയ്ക്ക് , 7ന് രാത്രി 8.30ന് പനിച്ചയം ദേവിവിലാസംയോഗം പ്രസിഡന്റ് കെ.കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ നൂലേലി കെ.പി. രമേശ് ആത്മീയപ്രഭാഷണവും അശമന്നൂർ ശശിധരൻപിള്ള അനുഗ്രഹ പ്രഭാഷണവും നടത്തും. വാർഡ് മെമ്പർ സുബി ഷാജി, പനിച്ചയം ദേവിവിലാസംയോഗം സെക്രട്ടറി കെ.എൻ. പ്രഭ, അജിത പ്രസന്നൻ എന്നിവർ സംസാരിക്കും. രാത്രി 11.30ന് തിരുവനന്തപുരം കലാക്ഷേത്രയുടെ പരശുരാമൻ നൃത്തനാടകം. എട്ടിന് പുലർച്ചെ 3ന് താലപ്പൊലി, 4ന് തൂക്കംകുത്ത് എന്നിവയാണ് പ്രധാന പരിപാടികൾ.