പെരുമ്പാവൂർ : മൈനർ ഇറിഗേഷൻ ഇലക്ട്രിക്കൽ സെക്ഷനിൽ സ്ഥിരം അസിസ്റ്റന്റ് എൻജിനീയർ ഇല്ലാതായിട്ട് ഒരു വർഷം. പെരുമ്പാവൂർ, ആലുവ, അങ്കമാലി നിയമസഭാ മണ്ഡലങ്ങളിലെ 44 സ്‌കീമുകളുടെ പ്രവർത്തനം അവതാളത്തിലാണ്. മൈനർ ഇറിഗേഷൻ കാലടി ഇലക്ട്രിക്ക് സെക്ഷന്റെ കീഴിലുള്ള 44 പമ്പിംഗ് സ്‌കീമുകളുടെ പ്രവർത്തനവും ഭാഗികമാണ്.

ജില്ലയിലെ പ്രധാന കാർഷികമേഖലകളായ പെരുമ്പാവൂർ, അങ്കമാലി, ആലുവ നിയോജക മണ്ഡലങ്ങളിലായി കൂവപ്പടി, ഒക്കൽ, നീലീശ്വരം, മലയാറ്റൂർ, മഞ്ഞപ്ര, കാലടി, കാഞ്ഞൂർ, ശ്രീമൂലനഗരം, എന്നീ പഞ്ചായത്തുകളിലാണ് സ്‌കീമുകൾ. സ്ഥിരം അസിസ്റ്റന്റ് എൻജിനീയർ ഒരു വർഷം മുമ്പ് വിരമിച്ചതോടെ രാമമംഗലം എ.ഇയ്ക്ക് ചാർജ് നൽകുകയായിരുന്നു. പിന്നീട് പുതിയ നിയമനം നടന്നില്ല.

ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യേണ്ട അറ്റകുറ്റപണികൾ നാളിതുവരെ സമർപ്പിച്ചിട്ടില്ല. കാലടിയുടെ കീഴിലുള്ള ചേരാനല്ലൂർ, വല്ലം, ഒക്കൽ, സ്‌കീമുകളിൽ പുതിയ സബ് സ്റ്റേഷൻ സ്ഥാപിക്കാത്തതിനാൽ സ്‌കീമുകളുടെ പ്രവർത്തനം ഭാഗികമായാണ് മുന്നോട്ടുപോവുന്നത്. കൂടാതെ ഓരോ സ്‌കീമിനും പിഴയായി 4 ലക്ഷം വീതം ചെലവാകുന്നു. മിനി സബ് സ്റ്റേഷനുകളിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കാത്തതിനാൽ മൂന്നു നിയമസഭാ നിയോജക മണ്ഡലങ്ങളിലായി ലക്ഷക്കണക്കിന് ഏക്കർ സ്ഥലത്തെ കൃഷിയാണ് നശിക്കുന്നത്.