
കൊച്ചി: യു ട്യൂബ് വ്ലോഗറും മോഡലുമായ കണ്ണൂർ സ്വദേശി നേഹയെ (27) എറണാകുളം പോണേക്കര ജവാൻ ക്രോസ് റോഡിലെ മെർമേഷ് അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ആത്മഹത്യാ സൂചന നൽകി ഇവർ ചിലർക്ക് കൈമാറിയ സന്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റിനു ശേഷം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിൽ എളമക്കര പൊലീസ് അന്വേഷണം തുടങ്ങി.
ആറുമാസം മുമ്പാണ് നേഹ കൊച്ചിയിൽ എത്തിയത്. ഭർത്താവുമായി അകന്നു കഴിയുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. വിദേശത്തേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. സംഭവദിവസം ഇവരുടെ സുഹൃത്ത് കൂടെയുണ്ടായിരുന്നു. ഇയാൾ ഉച്ചഭക്ഷണം വാങ്ങാൻ പോയി തിരിച്ചെത്തിയപ്പോൾ ഫ്ലാറ്റ് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഫോൺ എടുക്കാതായതോടെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ഉടൻ പൊലീസിനെ വിവരമറിയിച്ചു.