കൊച്ചി: യുട്യൂബ് വ്ലോഗ‌റും മോഡലുമായ കണ്ണൂ‌ർ സ്വദേശി നേഹയെ (27) പോണേക്കര ജവാൻ ക്രോസ് റോഡിലെ മെർമേഷ് അപ്പാർട്ട്മെന്റിൽ തൂങ്ങി​മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ആത്മഹത്യാ സൂചന നൽകി ഇവ‌ർ കൈമാറിയ സന്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം കളമശേരി മെഡിക്കൽ കോളേജ് മോ‌ർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹതയുള്ളതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ആറ് മാസം മുമ്പാണ് നേഹ കൊച്ചിയിൽ എത്തിയത്. ഭ‌ർത്താവുമായി അകന്നു കഴിയുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. വിദേശത്തേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. സംഭവദിവസം ഇവരുടെ സുഹൃത്ത് കൂടെയുണ്ടായിരുന്നു. ഇയാൾ ഉച്ചഭക്ഷണം വാങ്ങാൻ പോയി തിരിച്ചെത്തിയപ്പോൾ ഫ്ലാറ്റ് അകത്തുനിന്ന് പൂട്ടിയ നി​ലയി​ലായി​രുന്നു. ഫോൺ എടുക്കാതായതോടെ വാതിൽ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോൾ ഫാനിൽ തൂങ്ങിയ നിലയിലായി​രുന്നു. ഉടൻ പൊലീസിനെ വിവരമറിയിച്ചു. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.