മരട്: നെട്ടൂർ നോർത്തിൽ ശുദ്ധജലക്ഷാമം പരിശോധിക്കാനെത്തിയ ജല അതോറിറ്റി ഉദ്യോഗസ്ഥനെ അപമാനിക്കുകയും ധിക്കാരപരമായി പെരുമാറുകയും ചെയ്ത മരട് നഗരസഭ കൗൺസിലർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മരട് ഒന്നാം ഡിവിഷൻ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മരട് മണ്ഡലം പ്രസിഡന്റ് സി.ഇ. വിജയൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് വി.ആർ. രാജൻ അദ്ധ്യക്ഷത വഹിച്ചു.
തൃപ്പൂണിത്തുറ വാട്ടർ അതോറിറ്റി ഓവർസിയർ ബിജുവിന്റെ ബൈക്കിന്റെ താക്കോലാണ് കൗൺസിലറുടെ ഭർത്താവ് കഴിഞ്ഞ ദിവസം ഊരിയെടുത്ത് പൊരിവെയിലിൽ നിർത്തിയത്. മോശം വാക്കുകൾ പറഞ്ഞ് പൊതുജന മധ്യത്തിൽ അപമാനിക്കുകയും ചെയ്തതായി ഓവർസിയർ പറഞ്ഞു. അസിസ്റ്റൻറ് എൻജിനീയർ പൊലീസിൽ പരാതിപ്പെടാൻ ഒരുങ്ങിയതോടെ രണ്ടു മണിക്കൂറിനു ശേഷം കൗൺസിലർ താക്കോൽ തിരികെ നൽകി തടിയൂരുകയായിരുന്നു.