prabhakaran
പുറത്തിറങ്ങാനാവാതെ വീടിനുള്ളിൽ കഴിയുന്ന പ്രഭാകരൻ.

പറവൂർ: വാർദ്ധക്യത്തിൽ വേണ്ടത്ര ഭക്ഷണവും പരിചരണവുമില്ലാതെ പ്രഭാകരന്റെ ഏകാന്തജീവിതം ദുരിതപൂർണ്ണം. ചിറ്റാറ്റുകര പഞ്ചായത്ത് ഒന്നാംവാർഡ് മാച്ചാംതുരുത്തിൽ പുതിയകാവ് സ്കുളിന് സമീപമാണ് തൊണ്ണൂറുകാരനായ പ്രഭാകരൻ ഏകനായി ജീവിക്കുന്നത്. ഇത് സമീപവാസികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടികൾ വൈകുകയാണ്.

കുടുംബപരമായി ലഭിച്ച പതിനെട്ട് സെന്റ് സ്ഥലത്ത് ചെറിയ വീട്ടിലാണ് പ്രഭാകരന്റെ ജീവിതം. അവിവാഹിതനായ പ്രകാശൻ പെൻഷൻ തുകകൊണ്ട് റേഷൻവാങ്ങി സ്വയം പാകംചെയ്താണ് ഭക്ഷണം കഴിച്ചിരുന്നത്. പ്രായത്തിന്റെ അവശതകളാൽ ഇപ്പോൾ വീടിന് പുറത്തുപോകാൻ കഴിയുന്നില്ല. നിരങ്ങിയാണ് മുറിയിൽനിന്ന് വരാന്തയിൽ എത്തുന്നത്. പ്രാഥമിക കാര്യങ്ങൾ കിടപ്പുമുറിയിൽ തന്നെയായി. വീടും പരിസരവും വൃത്തിഹീനമായിക്കിടക്കുന്നു. മുമ്പൊക്കെ അയൽവാസികൾ ഭക്ഷണം കൊടുക്കുമായിരുന്നു. ഈയിടെ ഓർമ്മനശിച്ചതോടെ വസ്ത്രം ധരിക്കാതായി. ഇതോടെ ഭക്ഷണവുമായി സ്ത്രീകൾ എത്താതായി. തൊട്ടടുത്തുതന്നെ സഹോദരന്റെ കുടുംബം താമസിക്കുന്നുണ്ട്.

വാർഡ് മെമ്പർ അറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും തഹസിൽദാരും പ്രഭാകരനെ കാണാൻ എത്തിയിരുന്നു. പ്രഭാകരന്റെ ജീവിതസാഹചര്യം ബോദ്ധ്യപ്പെട്ടിട്ടും നടപടികൾ വൈകുകയാണ്. വാർഡ് മെമ്പർ ഷെമീറ ഉണ്ണിക്കൃഷ്ണൻ ദിവസവും ഉച്ചഭക്ഷണം എത്തിച്ചുകൊടുക്കുന്നുണ്ട്. പ്രഭാകരനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് അയൽവാസികളുടെ ആവശ്യം. ഇതിന് ബന്ധുക്കളും എതിരല്ല. സ്ഥിതി കൂടുതൽ വഷളായതോടെ പഞ്ചായത്ത് മുൻകൈയെടുത്ത് സാമൂഹ്യനീതിവകുപ്പിന്റെ അഭയകേന്ദ്രത്തിലേക്ക് മാറ്റാൻ നീക്കംആരംഭിച്ചിട്ടുണ്ട്.