water
പാലസ് റോഡിൽ പൈപ്പ് പൊട്ടി വെള്ളം ഒഴുകിയപ്പോൾ

 ആരോഗ്യ പ്രവർത്തകരില്ല

ആലുവ: കൊവിഡ് മൂന്നാം തരംഗത്തിനുശേഷം നടക്കുന്ന ശിവരാത്രി ആഘോഷങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ സാന്നിദ്ധ്യമില്ല. സാധാരണയായി ആരോഗ്യവകുപ്പിൻെറ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽസംഘം ചികിത്സയ്ക്കും പരിശോധനയ്ക്കുമായി ക്യാമ്പ് ചെയ്യാറുണ്ട്. അതാണ് ഇത്തവണ വേണ്ടെന്ന് വച്ചിരിക്കുന്നത്.

 മണപ്പുറത്ത് ചെളിക്കുളം

ഭക്തരെ വ്യാപാരമേളയിലേക്ക് സ്വാഗതം ചെയ്യുന്നത് ചെളിക്കുളം. നഗരസഭ പിന്മാറിയതോടെ ദേവസ്വം ബോർഡാണ് വ്യാപാരമേള നാലുദിവസത്തേക്കായി ഏറ്റെടുത്തത്. ലക്ഷങ്ങൾ പിരിഞ്ഞുകിട്ടിയെങ്കിലും സൗകര്യങ്ങൾ ഒരുക്കാൻ ബോർഡും തയ്യാറായില്ല. ചെളിക്കെട്ട് ചാടിക്കടന്നാണ് വ്യാപാരമേളയിലേക്ക് ജനങ്ങളെത്തുന്നത്.

ഇതിനിടെ ഏതാനും വ്യാപാരികൾ മണപ്പുറം കൈയേറി സ്റ്റാളുകൾ സ്ഥാപിച്ചിട്ടുണ്ട്. കൗൺസിലർമാരുടെ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്.

 ബൈക്ക് മോഷണം

മണപ്പുറത്ത് ക്ഷേത്ര ദർശനത്തിനെത്തിയ യുവാവിൻെറ ബൈക്ക് മോഷണം പോയി. കടുങ്ങല്ലൂർ മുപ്പത്തടം മുതുകാട് പറമ്പിൽ വീട്ടിൽ ദേവദാസിന്റെ ബൈക്കാണ് നഷ്ടപ്പെട്ടത്. ഭാര്യയോടൊപ്പം എത്തിയ ദേവദാസ് സമീപത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച ബൈക്കാണ് രാവിലെ മോഷണം പോയത്. നിരീക്ഷണ കാമറ വയ്ക്കുന്നതിന് മുമ്പായതിനാൽ പൊലീസും കൈമലർത്തുകയാണ്.

പാലസ് റോഡിൽ വീണ്ടും പൈപ്പ് പൊട്ടി

പുലർച്ചെ പാലസ് റോഡിൽ ഭൂഗർഭക്കുഴൽ പൊട്ടിയതോടെ പമ്പിംഗ് നിർത്തിവച്ചത് ആലുവക്കാരെ ദുരിതത്തിലാക്കി. ഇന്നലെ രാവിലെ ആറേകാലോടെ സെന്റ് ഫ്രാൻസിസ് സ്‌കൂളിന് മുന്നിലായാണ് ചോർച്ച ആരംഭിച്ചത്. അരമണിക്കൂറിനുള്ളിൽ ചോർച്ച ശക്തമായി. പാലസ് റോഡിലെ അദ്വൈതാശ്രമത്തിന് മുന്നിൽ വെള്ളം പരന്നൊഴുകി. ഭൂഗർഭക്കുഴൽ സ്ഥപിക്കുന്ന പ്രവൃത്തികൾ കാരണം ടാറിംഗ് നടക്കാത്തതോടെ റോഡ് ചെളിക്കുളമായി. റോഡിന് ഇരുവശമുള്ള സ്റ്റാളുകളിലേക്കും വെള്ളംകയറി. മണപ്പുറത്തെ ശിവക്ഷേത്രത്തിലേക്കും അദ്വൈതാശ്രമത്തിലേക്കും കാൽനടയായെത്തിയ ഭക്തജനങ്ങളും ബുദ്ധിമുട്ടിലായി. ഒരു മണിക്കൂറിനുള്ളിൽ പമ്പിംഗ് നിർത്തിയപ്പോഴാണ് ജലപ്രവാഹം നിന്നത്. അറ്റകുറ്റപ്പണി തുടരുന്നു.