ആലുവ: പെരിയാറിൽ മുങ്ങിക്കുളിച്ച്, ശിവമന്ത്രം ജപിച്ച് പിതൃമോക്ഷത്തിനായി ബലിയിടാൻ ആലുവയിൽ പതിനായിരങ്ങളെത്തി. ആലുവ മണപ്പുറത്തും മറുകരയിൽ അദ്വൈതാശ്രമത്തിലുമാണ് ഇന്നലെ രാത്രി മുതൽ ബലിതർപ്പണ ചടങ്ങുകൾ നടന്നത്.
ചൊവ്വാഴ്ച രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന ഭക്തജനങ്ങൾ അർദ്ധരാത്രിയോടെ ബലിതർപ്പണം നടത്തി. ദൂരദിക്കുകളിൽ നിന്ന് നേരത്തെയെത്തിയവർ രാത്രി തന്നെ തർപ്പണം നടത്തി മടങ്ങി. പുലർച്ചെ വരെ ബലിത്തറകളിൽ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. കുംഭമാസത്തിലെ അമാവാസി ആയതിനാൽ ഇന്ന് രാത്രി 11 വരെ ബലിതർപ്പണം നടത്താം.
വിപുലമായ ഒരുക്കങ്ങളാണ് തിരുവതാംകൂർ ദേവസ്വം ബോർഡ് മണപ്പുറത്ത് ഒരുക്കിയത്. 100-ാളം ബലിത്തറകളിൽ പുരോഹിതൻമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സുരക്ഷയ്ക്കായി അഗ്നിശമന സേനയുടെ ബോട്ടുകളും സ്കൂബ ടീമും ഉണ്ടായിരുന്നു.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ആറ് ഡി.വൈ.എസ്.പിമാർ, 17 ഇൻസ്‌പെക്ടർമാർ, 116 എസ്.ഐ - എ.എസ്.ഐ മാർ ഉൾപ്പെടെ ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരാണ് മണപ്പുറത്ത് സുരക്ഷ ഒരുക്കിയത്.
അദ്വൈതാശ്രമത്തിൽ ആയിരങ്ങൾ തർപ്പണം നടത്തി
രാത്രി പത്ത് മണിയോടെ അദ്വൈതാശ്രമത്തിൽ ബലിതർപ്പണം ആരംഭിച്ചു. ഇന്ന് ഉച്ചവരെ തർപ്പണം തുടരും. സ്വാമി ഗുരുപ്രകാശം, പി.കെ. ജയന്തൻ ശാന്തി എന്നിവരാണ് മുഖ്യകാർമ്മികത്വം വഹിക്കുന്നത്. ആശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ നേതൃത്വം നൽകി.