
കൊച്ചി: 1985ൽ കൊച്ചിയിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിലെ ബദൽ രേഖാ വിവാദത്തെത്തുടർന്ന് എം.വി.രാഘവനൊപ്പം പുറത്തുപോയ എം.കെ. കണ്ണൻ 37 വർഷത്തിനുശേഷം വീണ്ടും അതേ മണ്ണിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുക്കുന്നു. 85നുശേഷം കണ്ണൻ പങ്കെടുക്കുന്ന ആദ്യ സംസ്ഥാന സമ്മേളനമാണിത്.
സി.പി.എം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരിക്കെയാണ് കണ്ണൻ 1985ൽ സംസ്ഥാന സമ്മേളന പ്രതിനിധിയായത്. ആ സമ്മേളനത്തിൽ എം.വി.ആറിനൊപ്പം ഉറച്ചുനിന്നു. പിന്നീട് എം.വി.ആറിനൊപ്പം പാർട്ടി വിട്ട് സി.എം.പി രൂപീകരിച്ചു. സി.എം.പി സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗവും പാർട്ടി പിളർന്നപ്പോൾ അരവിന്ദാക്ഷൻ വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറിയുമായി. 2019ൽ സി.പി.എമ്മിൽ തിരിച്ചെത്തി. ഇപ്പോൾ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമാണ്.
എം.വി. രാഘവനും കണ്ണനുമൊപ്പം അന്ന് സി.പി.എം വിട്ട കൊല്ലത്തെ പ്രമുഖനേതാവ് എം.എച്ച്. ഷാര്യരും ഇക്കുറി സമ്മേളന പ്രതിനിധിയാണ്. കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. സി.എം.പിയിലെ പിളർപ്പിനുശേഷം എം.കെ. കണ്ണനൊപ്പമാണ് 2019ൽ സി.പി.എമ്മിൽ തിരിച്ചെത്തിയത്. ഇപ്പോൾ സി.പി.എം സംസ്ഥാന സമിതി അംഗം.
വർഷങ്ങൾക്ക് മുമ്പേ സി.പി.എം ബന്ധം വിട്ട് നക്സലിസത്തിലേക്ക് പോയ കെ.ടി. കുഞ്ഞിക്കണ്ണനും സമ്മേളന പ്രതിനിധിയാണ്. സി.പി.ഐ എം.എൽ റെഡ് ഫ്ളാഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു. 2008ൽ സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ടത് സി.പി.എമ്മുമായുള്ള അടുപ്പത്തിന്റെ പേരിലാണ്. ഇപ്പോൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവും കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമാണ്.