ആലുവ: കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളെത്തുടർന്ന് പെരിയാറിൽ മുങ്ങിക്കുളിച്ച് പിതൃബലിയർപ്പിക്കാൻ ജനലക്ഷങ്ങളെത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ മണപ്പുറത്തും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ കീഴിൽ അദ്വൈതാശ്രമത്തിലും ചൊവ്വാഴ്ച രാത്രി പത്തോടെയാരംഭിച്ച തർപ്പണ ചടങ്ങുകൾ ഇന്നലെ ഉച്ചവരെ നീണ്ടുനിന്നു.
ഉറക്കമിളച്ച് ശിവപഞ്ചാക്ഷരീമന്ത്രംചൊല്ലി കാത്തിരിക്കുന്ന ഭക്തജനങ്ങൾ ബുധനാഴ്ച പുലർച്ചെയാണ് ബലിതർപ്പണം നടത്തിയത്. സമീപപ്രദേശങ്ങളിൽ നിന്നുള്ളവർ കൂടിയെത്തിയതോടെ ആലുവ മണപ്പുറവും അദ്വൈതാശ്രമവുമെല്ലാം കൊവിഡിന് മുമ്പുള്ള ശിവരാത്രിയെ അനുസ്മരിപ്പിക്കും വിധമായി. ഇന്നലെ കറുത്തവാവ് ദിനമായതിനാലും കറുത്തവാവ് ദിനത്തിലെ ബലിതർപ്പണം പിതൃക്കൾക്ക് ഏറെ പ്രിയപ്പെട്ടതായതിനാലും ഇന്നലെ ഉച്ചവരെയും നല്ല തിരക്കായിരുന്നു. മണപ്പുറത്ത് ബലിത്തറകൾ കുറഞ്ഞത് ഭക്തർക്ക് ദുരിതമായി. സാധാരണ 150 ഓളം ബലിത്തറകളാണ് ഉണ്ടാകാറുള്ളതെങ്കിൽ ഇക്കുറി 56 തറകളാണുണ്ടായത്.
വൻതുക നൽകി ബലിത്തറകൾ ലേലംവിളിച്ചാൽ കൊവിഡ് പശ്ചാത്തലത്തിൽ വിശ്വാസികൾ എത്തുമോയെന്ന ആശങ്കയിൽ പുരോഹിതന്മാർ ലേലംവിളിക്കാതെ പിൻവാങ്ങിയതാണ് വിനയായത്. എന്നാൽ ലേലംകൊണ്ടവർക്ക് കോളടിച്ചു. വകുപ്പുകളുടെ ഏകോപമില്ലായ്മയാണ് ഇക്കുറിയുണ്ടായ ഏറ്റവും വലിയ പോരായ്മ. അതിന്റെ പ്രയാസങ്ങളെല്ലാം നേരിട്ടത് ഭക്തരാണ്. ഫയർഫോഴ്സും പൊലീസും മാത്രമാണ് സജീവമായി രംഗത്തുണ്ടായിരുന്നത്.
അദ്വൈതാശ്രമത്തിൽ തിരക്ക്
അദ്വൈതാശ്രമത്തിൽ കഴിഞ്ഞവർഷം ബലിയിടാനെത്തിയതിന്റെ ഇരട്ടിയിലേറെ ഭക്തരാണ് ഇക്കുറി ബലിയിട്ടത്. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായതിനാൽ കഴിഞ്ഞവർഷം സാധാരണ എത്താറുള്ള ആളുകളുടെ മൂന്നിലാെന്ന് മാത്രമാണെത്തിയത്. നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ ഭക്തരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായി. എന്നാൽ 2020ൽ കൊവിഡ് വരുന്നതിനുമുമ്പ് നടന്ന ശിവരാത്രി നാളിൽ ആശ്രമത്തിൽ ബലിയിട്ടവരിൽ 4,000 പേരുടെ കുറവ് മാത്രമാണ് ഇക്കുറിയുണ്ടായത്.