ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തലവേദനയാകുന്നു. കുരീക്കാട്-കോട്ടയത്തുപാറ റോഡിലാണ് മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത്. മാലിന്യങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്നത് കാര്യക്ഷമമായി നടപ്പിലാകുമ്പോഴും സാമൂഹ്യവിരുദ്ധർ മാലിന്യ നിക്ഷേപം തുടരുകയാണ്.
പഞ്ചായത്തിലെ പെരിയാർവാലി കനാൽ റോഡ്, കുരീക്കാട്-കോട്ടയത്തുപാറ റോഡ് എന്നിവിടങ്ങളിലും ഇടറോഡുകളിലും ഒഴിഞ്ഞ പറമ്പുകളിലും മാലിന്യക്കൂമ്പാരമാവുന്നു. കുരീക്കാട് റെയിൽവേ ഗേറ്റിനും കോട്ടയത്തുപാറ ജംഗ്ഷനും മദ്ധ്യേയുള്ള ഭാഗത്തും റോഡിനിരുവശവും മാലിന്യം നിറഞ്ഞിരിക്കുന്നു. തെരുവുനായ്ക്കളുടെ ശല്യവും ഇവിടങ്ങളിൽ രൂക്ഷമാണ്. നായ്ക്കൾ റോഡിലേക്ക് മാലിന്യം വലിച്ചിടുന്നതിനാൽ ഇരുചക്രവാഹന യാത്രയും ദുരിതത്തിലാവുന്നു. വാഹനങ്ങളിലെത്തി വലിച്ചെറിയുന്ന മാലിന്യം റോഡിൽ ചിതറി കിടക്കുന്നതും പതിവാണ്.