ആലുവ: മുന്നറിയിപ്പ് നൽകിയ ശിവരാത്രി ഗതാഗത നിയന്ത്രണം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതോടെ ആലുവ നഗരം കടുത്ത ഗതാഗതകുരുക്കിലായി. ചരക്കുവാഹനങ്ങളെ കളമശേരി, അത്താണി എന്നിവിടങ്ങിൽനിന്ന് വഴിതിരിച്ചുവിടുമെന്ന പ്രഖ്യാപനം നടപ്പാക്കാതിരുന്നതാണ് കൂടുതൽ വിനയായത്.
പതിവിന് വിപരീതമായി ശിവരാത്രി നാളിലും പിറ്റേന്നും സകല വാഹനങ്ങൾക്കും നഗരത്തിലെ പ്രധാന റോഡ് ഉപയോഗിക്കാൻ അനുമതി നൽകിയെന്നാണ് ആരോപണം. ബുധനാഴ്ച പുലർച്ചെ ഒന്നോടെ ആരംഭിച്ച കുരുക്ക് 11 മണിയോടെയാണ് അഴിഞ്ഞത്. പാലസ് റോഡ്, ആലുവ - മൂന്നാർ റോഡ്, ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡ്, മാർക്കറ്റ് റോഡ് എന്നിങ്ങനെ നഗരത്തിനുള്ളിലെ എല്ലാ പ്രധാന റോഡുകളിലും വാഹനങ്ങൾ നിറഞ്ഞു. നിരങ്ങി നീങ്ങിയ വാഹനങ്ങൾ ഏറെ സമയമെടുത്താണ് ഒാരോ കവലകളും മറികടന്നത്.
ചരക്ക് വാഹനങ്ങളും കണ്ടെയ്‌നർ ലോറികളും ഉൾപ്പടെയുള്ള സകല വാഹനങ്ങളും പതിവുപോലെ മറ്റ് വാഹനങ്ങൾക്കൊപ്പം ടൗണിലൂടെ സഞ്ചരിച്ചു. കുരുക്ക് കൂടിയതോടെ ചരക്കുലോറികൾ വീതികുറഞ്ഞ ഇടറോഡിലൂടെ കയറിപ്പോകാനും ശ്രമിച്ചു. ഇതോടെ ഇടറോഡുകളും കുരുങ്ങി.
കുരുക്കഴിക്കാൻ വാഹനങ്ങൾ പലവഴികളിലൂടെ തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മൂവായിരത്തോളം പൊലീസുകാരെ സുരക്ഷാ - ട്രാഫിക് ക്രമീകരണങ്ങൾക്കായി നിയോഗിച്ചിരുന്നെങ്കിലും ഗതാഗത നിയന്ത്രണത്തിൽ പാടേ പാളിപ്പോയി.