മൂവാറ്റുപുഴ: പഠനം കഴിഞ്ഞുള്ള ഒഴിവു സമയം അക്ഷയ് സിജു എന്ന ഒമ്പതാം ക്ലാസുകാരൻ ചെലവിടുന്നത് തന്റെ വളർത്തുമൃഗങ്ങൾക്കൊപ്പമാണ്. മുയലുകൾ, ഗീർപശു, വിവിധയിനം കോഴികൾ, മത്സ്യങ്ങൾ എന്നിങ്ങനെ പോവുന്ന അക്ഷയുടെ ഓമന മൃഗങ്ങളുടെ നീണ്ട നിര. കുഞ്ഞുനാളു മുതൽ ഇവയെ പരിപാലിക്കാനും ഭക്ഷണം നൽകാനുമുള്ള ചുമതല അക്ഷയുടെ കുഞ്ഞുചുമലിലാണ്. മുളവൂർ വത്തിക്കാൻ സിറ്റി പാട്ടുപാളപുറത്ത് അക്ഷയ് സിജു സയൻസ് ക്ലാസിൽ നിന്നുള്ള പ്രായോഗിക പാഠങ്ങൾ ഉൾക്കൊണ്ട് കോഴി മുട്ട വിരിയിപ്പിക്കുന്നതിനായി ഇൻക്യുബേറ്ററും വിരിയുന്ന കുഞ്ഞുങ്ങളെ പിരിപാലിക്കുന്നതിന് ബ്രൂഡറും സ്വന്തമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ്.
സോവിയറ്റ് ചിഞ്ചില, വൈറ്റ് ജെയന്റ്,ഗ്രേഗ ജയന്റ് ഇനത്തിൽ പെട്ട വിവിധയിനം മുയൽ വർഗ്ഗങ്ങളും അക്ഷയിന്റെ ശേഖരത്തിലുണ്ട്. മത്സ്യങ്ങളെ വളർത്തുന്നതിനായി ആധുനിക രീതിയിലുള്ള മത്സ്യ കുളങ്ങൾ, മുയൽ വളർത്തുന്നതിനായി അത്യാധുനിക സംവിധാനങ്ങളോടെയുള്ള മുയൽ കൂടുകൾ എന്നിവയെല്ലാം അക്ഷയുടെ കണ്ടെത്തലുകളിൽ ഉൾപ്പെടുന്നു.
കൊവിഡിന്റെ ഒന്നാം തരംഗം അക്ഷയിന്റെ വളർത്തുമൃഗങ്ങളെയും ബാധിച്ചു. വീട്ടിൽ കൊവിഡ് മഹാമാരി എല്ലാവർക്കും പടർന്ന് പിടിച്ചതോടെ മൃഗങ്ങൾക്ക് ഭക്ഷണമൊരുക്കാൻ വീടിന് പുറത്തിറങ്ങാൻ പറ്റാതായി. അക്ഷയിന്റെ വളർത്തുമൃഗങ്ങളായ പ്ലൈയിൻ ഡക്ക്, വിവിധയിനം താറാവുകൾ, മുട്ട കോഴികൾ, കറവ പശുക്കൾ, കിടാരികൾ അടക്കം വിൽക്കേണ്ടി വന്നു. അന്തരിച്ച സി.പി.ഐ നേതാവ് പി.കെ.നാരായണന്റെ കൊച്ചുമകനായ അക്ഷ. എല്ലാവിധ പിന്തുണയുമായി അച്ഛൻ പി.എൻ.സിജുവും അമ്മ വിനീത സിജുവും സഹോദരൻ അഭിനവ സിജുവും മുത്തശ്ശി അമ്മിണി നാരായണനും ഒപ്പമുണ്ട്.