കോട്ടപ്പടി: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ വീണ്ടും കാട്ടാന ആക്രമണം. ടാപ്പിംഗ് തൊഴിലാളിയായ പുളിമൂടൻ എജുവിനെയാണ് (49) ആന ആക്രമിച്ചത്. രാവിലെ 6.30ഓടെ റബർ വെട്ടിക്കൊണ്ടിരുന്ന എജുവിനെ മറഞ്ഞിരുന്ന കാട്ടാന തുമ്പിക്കൈകൊണ്ട് വലിച്ചെറിഞ്ഞ് നിലത്തിട്ട് ആക്രമിക്കുകയായിരുന്നു. ഉരുണ്ടുമാറിയതിനാൽ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. എജുവിന്റെ കൈക്കും രണ്ട് കാലുകൾക്കും പരിക്കുണ്ട്. ഓടിക്കൂടിയവർ എജുവിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയ്ക്ക് വനംവകുപ്പ് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു ആവശ്യപ്പെട്ടു.