ആലങ്ങാട്: മുപ്പത്തടം ജലശുദ്ധീകരണശാലയിൽ നിന്ന് നേരിട്ടു പമ്പ് ചെയ്യുന്ന മാഞ്ഞാലിലൈൻ പൈപ്പ് തകർന്ന് ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങി. പാനായിക്കുളം ലിറ്റിൽഫ്ളവർ സ്‌കൂളിന് സമീപമുള്ള കലുങ്കിന് അടിയിലൂടെ പോകുന്ന പൈപ്പിലാണ് തകരാർ. അതിനാൽ തകരാർ കണ്ടുപിടിക്കാനും അറ്റകുറ്റപ്പണി നടത്താനും താമസം നേരിടും. പമ്പിംഗ് നിർത്തിവച്ചിരിക്കുന്നതിനാൽ കരുമാല്ലൂർ, ആലങ്ങാട് പ്രദേശങ്ങൾ വരുംദിവസങ്ങളിൽ കടുത്ത ശുദ്ധലക്ഷാമത്തിലാകും.
മുപ്പത്തടം മാഞ്ഞാലി ലൈനിൽനിന്നാണ് ആലങ്ങാട് പഞ്ചായത്തിലെ 16മുതൽ 21വരെ വാർഡുകളിലും കരുമാല്ലൂർ പഞ്ചായത്തിലെ ഒന്നുമുതൽ നാലുവരെയുള്ള വാർഡുകളിലും കുടിവെള്ളമെത്തുന്നത്. കടുത്ത ജലക്ഷാമമുള്ള പ്രദേശങ്ങളായതിനാലാണ് ഇവിടേക്ക് മുപ്പത്തടത്തുനിന്ന് നേരിട്ട് വെള്ളം പമ്പുചെയ്യുന്നത്.
മുപ്പത്തടം ശുദ്ധജല പദ്ധതിക്കുകീഴിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആസ്ബസ്‌റ്റോസ് പൈപ്പുകളിൽ അടിക്കടിയുണ്ടാകുന്ന തകരാർമൂലം ശുദ്ധജലവിതരണം താളംതെറ്റുകയാണ്. രണ്ടുദിവസം മുമ്പ് കുന്നേൽ ടാങ്കിലേക്കുള്ള 400 എം.എം ആസ്ബസ്‌റ്റോസ് പൈപ്പും നാലുദിവസംമുമ്പ് യു.സി കോളജ് ടാങ്കിലേക്കുള്ള പൈപ്പും തകർന്നിരുന്നു. കാലഹരണപ്പെട്ട ആസ്ബസ്‌റ്റോസ് പൈപ്പുകൾ മാറ്റി വിതരണ സംവിധാനം കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ട്.