കൊച്ചി: കുസാറ്റ് എൻജിനീയറിംഗ് കോളേജിലെ ഹോസ്റ്റൽ (സഹാറ) കേന്ദ്രീകരിച്ച് ലഹരിഇടപാട് നടത്തിയിരുന്ന വിദ്യാർത്ഥി ദക്ഷിണമേഖല എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡിന്റെ പിടിയിലായി. തിരുവനന്തപുരം വർക്കല സ്വദേശിയും ബി.ടെക്ക് അവസാനവർഷ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥിയുമായ ജഗത് റാം ജോയിയാണ് (22) അറസ്റ്റിലായത്. ഇയാളിൽ നിന്ന് അതിമാരകമായ 'പാരസൈഡ് 650' എന്നറിയപ്പെടുന്ന 20 എൽ.എസ്.ഡി സ്റ്റാമ്പുകൾ കണ്ടെത്തി. കുസാറ്റ് കാമ്പസ് കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് ലോകത്തിൽ തന്നെ ഏറ്റവും മാരക ലഹരിമരുന്നായ പാരഡൈസ് 650 എൽ.എസ്.ഡിയുമായി വിദ്യാർത്ഥി കുടുങ്ങിയത്. കോഴക്കോട് സ്വദേശിയായ സുഹൃത്ത് വഴി ചെന്നൈയിൽ നിന്ന് കൊറിയർ വഴിയി 75 സ്റ്റാമ്പാണ് ജഗത് റാം വരുത്തിയത്. 650 രൂപയ്ക്ക് വാങ്ങി 4000 - 7000 രൂപ നിരക്കിലാണ് വിറ്റിരുന്നത്.
ജഗത് റാമിൽ നിന്ന് നിരവധിപ്പേർ എൽ.എസ്.ഡി സ്റ്റാമ്പ് വാങ്ങി ഉപയോഗിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യും. കസ്റ്റഡിയിലിരിക്കെ നിരവധി യുവതിയുവാക്കളാണ് മയക്കുമരുന്ന് ആവശ്യപ്പെട്ട് ഇയാളുടെ ഫോണിലേയ്ക്ക് വിളിച്ച് കൊണ്ടിരുന്നത്. ഇവരെയും കണ്ടെത്തി കൗൺസലിംഗിന് വിധേയമാക്കും. ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്താനാണ് ഇയാൾ ലഹരിവ്യാപാരം നടത്തി വന്നിരുന്നത്. ടെലിഗ്രാം ആപ്പ് വഴിയായിരുന്നു കച്ചവടം.
ദക്ഷിണ മേഖല കമ്മിഷണർ സ്‌ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ ആർ. രാജേഷിന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ വൈശാഖ് വി.പിള്ള, അസി. ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ കെ.എൻ. സുരേഷ് കുമാർ, എം. അസീസ്, എറണാകുളം റേഞ്ച് ഇൻസ്‌പെക്ടർ എം എസ്. ഹനീഫ, കൊച്ചി സിറ്റി മെട്രോ ഷാഡോയിലെ എൻ.ഡി. ടോമി, എൻ.ജി. അജിത്ത്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.