ആലങ്ങാട്: നെൽവയലുകൾക്ക് സമീപമുള്ള തരിശുനിലങ്ങളിൽ മേയാൻ വിടുന്ന കന്നുകാലികൾ നെൽ വയലുകളിലേക്കു കടന്നു കയറുന്നത് കർഷകർക്ക് ദുരിതമാകുന്നു. ഈസ്റ്റ് വെളിയത്തുനാട് പാടശേഖരസമിതിയുടെ കീഴിലുള്ള നെൽവയലുകളിലാണ് സമീപത്തെ തരിശുനിലങ്ങളിൽ മേയുന്ന കന്നുകാലികൾ കടന്നുകയറി വിളകൾ നശിപ്പിക്കുന്നത്.
തരിശുനിലങ്ങളിൽ കൃഷിയിറക്കാൻ തയ്യാറാകാത്ത ഭൂവുടമകൾതന്നെയാണ് കന്നുകാലികളെ തങ്ങളുടെ നിലങ്ങളിൽ കെട്ടുന്നതിന് സൗകര്യമൊരുക്കുന്നത്. കെട്ടുപൊട്ടിച്ച് ഇവ പാടശേഖരങ്ങളിലേക്ക് കടന്ന് നെൽച്ചെടികൾ തിന്നുനശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി റിയാദ് കുന്നത്ത്, നജീബ് പള്ളത്ത്, പുത്തൻപുരയിൽ അബ്ദുൽ ഖാദർ എന്നിവരുടെ വയലുകളിൽ കന്നുകാലികൾ കൃഷിനാശമുണ്ടാക്കി. കന്നുകാലികളിൽനിന്ന് നെൽകൃഷിക്ക് സംരക്ഷണം ഒരുക്കണമെന്നും തരിശുനിലങ്ങൾ കൃഷിക്ക് ഉപയോഗിക്കണമെന്നും പാടശേഖര സമിതി ആവശ്യപ്പെട്ടു.