വൈപ്പിൻ: മണ്ഡലത്തിന്റെ ആരോഗ്യമേഖലയിൽ കരുത്താകുന്ന രണ്ട് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾക്കായി 1.34 കോടി രൂപ അനുവദിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. എൻ.എച്ച്.എം മുഖേന കുഴുപ്പിള്ളി പഞ്ചായത്തിലെ അയ്യമ്പിള്ളി, എളങ്കുന്നപ്പുഴ പഞ്ചായത്തിലെ മാലിപ്പുറം സബ്‌സെന്ററുകൾ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളാക്കി മാറ്റുന്നതിന് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനാണ് 67 ലക്ഷം രൂപയുടെ വീതം അനുമതിയായത്.

ഇത് സംബന്ധിച്ച് ആരോഗ്യമിഷൻ സംസ്ഥാന ഡയറക്ടറുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. കെൽ ആണ് രണ്ട് കേന്ദ്രങ്ങളുടെയും നിർമ്മാണ ഏജൻസി.

അയ്യമ്പിള്ളിയിലെ സബ്‌സെന്റർ കെട്ടിടം 2004ലെ സുനാമിയെത്തുടർന്ന് ഉപയോഗശൂന്യമായി തീർന്നിരുന്നു. ഇവിടെ ഭൂസർവേ, മണ്ണുപരിശോധന, പ്ലാൻ തയ്യാറാക്കൽ തുടങ്ങിയ നടപടികൾ പഞ്ചായത്ത് പൂർത്തിയാക്കിയിട്ടുണ്ട്. വർഷങ്ങളായി നശിച്ച നിലയിലുള്ള മാലിപ്പുറത്തെ കെട്ടിടം പൂർണമായും പൊളിച്ചുനീക്കുന്നതിന് പഞ്ചായത്ത് അനുമതി തേടിയിട്ടുണ്ട്.