കൊച്ചി: യുക്രെയിൻ യുദ്ധത്തിന്റെ മറക്കാനാവാത്ത ഓർമ്മകളുമായി 168 വിദ്യാർത്ഥികൾ കൂടി നാട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രി 8.20ന് സംസ്ഥാന സർക്കാരിന്റെ നോർക്ക ചാർട്ടർ ചെയ്ത എയർ ഏഷ്യയുടെ വിമാനം നെടുമ്പാശേരിയിൽ ഇറങ്ങുന്നതും കാത്ത് നെഞ്ചിൽ തീയുമായി നിന്ന രക്ഷിതാക്കളുടെ പക്കലേക്ക് കരച്ചിലും കണ്ണീരുമായി മക്കൾ ഓടിയണഞ്ഞു.
88 ആൺകുട്ടികളും 80 പെൺകുട്ടികളുമാണ് എത്തിയത്. ഇന്നലെ പകൽ 12 വിദ്യാർത്ഥികളും എത്തിയിരുന്നു. ഇതോടെ ബുധനാഴ്ച മാത്രമെത്തിയരുടെ എണ്ണം 180ആയി.
രൂക്ഷമായ യുദ്ധം നടക്കുന്ന ഒഡേസ, ലിവീവ്, വിനീസ, ഖാർകീവ് തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ളവരാണ് എത്തിയതിലേറെയും.
മൂന്ന് ദിവസത്തോളം ഭക്ഷണത്തിനായി കാത്തിരിക്കേണ്ടി വന്നവരും തളർന്ന് അവശരായവരും കൂട്ടത്തിലുണ്ടായിരുന്നു.
വിദ്യാർത്ഥികളെ വീടുകളിലെത്തിക്കുന്നതിന് സർക്കാർ സൗജന്യ വാഹന സൗകര്യം ഏർപ്പെടുത്തിയിരുന്നു.
അനുഭവിച്ച ബുദ്ധിമുട്ടുകളും ആശങ്കകളുമായിരുന്നു വിദ്യാർത്ഥികളിലേറെപ്പേർക്കും പങ്കുവയ്ക്കാനുണ്ടായിരുന്നത്.
മന്ത്രിമാരായ വി.എൻ. വാസവൻ, പി. രാജീവ്, കെ. എൻ ബാലഗോപാൽ, നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവർ ചേർന്ന് വിദ്യാർത്ഥികളെ സ്വീകരിച്ചു.