കൊച്ചി: നഗരത്തിലെ കോൺവെന്റ് ജംഗ്ഷനിലെ റോഡരുകിലുള്ള അനധികൃത നിർമ്മാണങ്ങളും ജംഗ്ഷനിലേക്കുള്ള മാർക്കറ്റ് റോഡ് ഉൾപ്പെടെയുള്ളവ കൈയേറിയുള്ള നിർമ്മാണങ്ങളും രണ്ടു മാസത്തിനകം പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കോൺവെന്റ് ജംഗ്ഷനിലെ റോഡ് കൈയേറ്റം ചൂണ്ടിക്കാട്ടി തെരേസ ലെയിനിൽ താമസിക്കുന്ന സി.ജെ തോമസ് നൽകിയ ഹർജിയിൽ ജസ്റ്റിസ് ടി.ആർ. രവിയാണ് കൊച്ചി നഗരസഭയ്ക്കും നഗരസഭാ സെക്രട്ടറിക്കും നിർദ്ദേശം നൽകിയത്.
കോൺവെന്റ് ജംഗ്ഷനിലെ റോഡരുകിലുള്ള ഓട്ടോ സ്റ്റാൻഡ് അനധികൃതമാണെന്നും തടയണമെന്നുമുള്ള ഹർജിക്കാരന്റെ ആവശ്യം മറ്റു നടപടിക്രമങ്ങളിലൂടെ ഉന്നയിക്കാനും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. കോൺവെന്റ് ജംഗ്ഷനിലെ റോഡും മാർക്കറ്റ് റോഡും സംരക്ഷിക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടതെന്നും റോഡിന്റെ അതിർത്തി കൈയേറി അനധികൃത നിർമ്മാണങ്ങൾ നടത്താൻ അനുവദിച്ചെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. റോഡ് കൈയേറി നടത്തിയ അനധികൃത നിർമ്മാണങ്ങൾ വഴിയാത്രക്കാർക്ക് മാത്രമല്ല, കച്ചവട സ്ഥാപനങ്ങളിലേക്ക് എത്തുന്നവർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. തുടർന്ന് ഹൈക്കോടതി അഭിഭാഷക കമ്മിഷണറെ നിയോഗിച്ച് റിപ്പോർട്ട് തേടിയിരുന്നു. കോൺവെന്റ് ജംഗ്ഷനിലെ സ്ഥിതി വ്യക്തമാക്കുന്ന റിപ്പോർട്ടും ഫോട്ടോഗ്രാഫുകളും കമ്മിഷണർ സമർപ്പിച്ചു. ഇവിടെ 5.60 മീറ്റർ മുതൽ 5.80 മീറ്റർ വരെ വീതിയുണ്ടായിരുന്ന റോഡ് ജംഗ്ഷനിലെ ഓട്ടോസ്റ്റാൻഡിനടുത്തേക്ക് എത്തുമ്പോൾ 4.05 മീറ്ററായി കുറഞ്ഞെന്നും ഇതു തിരക്കുള്ള സമയങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്നും അഭിഭാഷക കമ്മിഷണർ വ്യക്തമാക്കി. നഗരസഭയുടെ പരിധിയിലുള്ള റോഡുകളുടെ സംരക്ഷണം നഗരസഭയുടെ ഉത്തരവാദിത്വമാണെന്നും റോഡുകൾ എല്ലാ അർത്ഥത്തിലും റോഡായി തന്നെ സംരക്ഷിക്കണമെന്നും ഹർജിയിൽ സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു.