കാലടി: ശ്രീമൂലനഗരം പഞ്ചായത്തിൽ കെ- റെയിൽ പദ്ധതിക്കായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ കനത്ത പ്രതിഷേധം. ചൊവ്വര തൂമ്പാക്കടവിന് സമീപം രാവിലെ പതിനൊന്നോടെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ചൊവ്വര തേയ്ക്കാനത്ത് ബേബി ലാസറിന്റെ പറമ്പിൽ കല്ലിടാൻ വൻ പൊലീസ് സന്നാഹത്തോടെ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴായിരുന്നു പ്രതിഷേധം. കല്ലുമായി വന്ന വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതിനെത്തുടർന്ന് പൊലീസ് പ്രവർത്തകരെ അറസ്റ്റുചെയ്തുനീക്കി. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി. സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റു, പഞ്ചായത്ത് മെമ്പർ വി.എം. ഷംസുദീൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനാസ് ജബ്ബാർ, നെടുമ്പാശേരി പൊലീസ് അറസ്റ്റുചെയ്തു. പിന്നീട് ഇവരെ ജ്യാമത്തിൽ വിട്ടു.