df

കൊച്ചി: ആശയവിനിമയം, പ്രതിരോധം, എയ്‌റോസ്‌പേസ് എന്നിവയുൾപ്പെട്ട മേഖലകളിലെ ഹൈടെക് ഇലക്ട്രോണിക് ഉപക‌രണങ്ങൾ നിർമ്മിക്കാൻ റിലയൻസും അമേരിക്കയിലെ സാൻമിന കോർപ്പറേഷനും ചേർന്ന് ചെന്നൈയിൽ കേന്ദ്രം ആരംഭിക്കും. സംയുക്ത സംരംഭത്തിൽ റിലയൻസ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ച്വേഴ്‌സ് ലിമിറ്റഡിന് (ആർ.എസ്.ബി.വി.എൽ) 50.1 ശതമാനവും സാൻമിനയ്ക്ക് 49.9 ശതമാനം ഓഹരി വിഹിതവുമുണ്ടാകും. റിലയൻസ് സാൻമിനയുടെ നിലവിലെ ഇന്ത്യൻ സ്ഥാപനമായ സാൻമിന എസ്‌.സി.ഐ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ 1,670 കോടി രൂപ നിക്ഷേപിച്ചാണ് 50.1 ശതമാനം ഓഹരികൾ വാങ്ങുന്നത്. ചെന്നൈയിലെ സാൻമിനയുടെ 100 ഏക്കർ കാമ്പസിലാണ് നിർമ്മാണം.

ഇന്ത്യയിൽ ഹൈടെക് നിർമ്മാണത്തിനുള്ള സുപ്രധാന അവസരമാണ് സാൻമിനയുമായി ചേർന്ന് ഒരുക്കുന്നതെന്ന് റിലയൻസ് ജിയോയുടെ ഡയറക്ടർ ആകാശ് അംബാനി പറഞ്ഞു. ആഭ്യന്തര, കയറ്റുമതി വിപണികൾക്കൊപ്പം 'മേക്ക് ഇൻ ഇന്ത്യ' സംരംഭത്തിലെ നാഴികക്കല്ലാകും പദ്ധതിയെന്ന് സാൻമിന ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജൂറെ സോള പറഞ്ഞു.