പറവൂർ: മൂത്തകുന്നം - ഇടപ്പള്ളി ദേശീയപാതക്ക് സ്ഥലമേറ്റെടുത്തിൽ ഭൂഉടമകൾക്ക് നഷ്ടപരിഹാരമായി 500 കോടി വിതരണം ചെയ്തതായി ഭൂമിയേറ്റെടുക്കൽ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. രേഖകൾ പൂർണമായി നൽകാത്തവരുടെ 250 കോടി പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇവർ രേഖകൾ ഹാജരാക്കുന്ന സമയത്ത് ഇത് നൽകും. നിലവിൽ ഒന്നാമത്തെയും രണ്ടാമത്തെയും വിജ്ഞാപനം അനുസരിച്ച് 1386.6 കോടി രൂപ നഷ്ടപരിഹാര വിതരണത്തിനായി ലഭ്യമായിട്ടുണ്ട്. ഇടപ്പള്ളി വില്ലേജിൽ രേഖകൾ കൈമാറിയ ഭൂരിഭാഗം പേർക്കും പണം നൽകി. ചേരാനല്ലൂരിൽ വേഗത്തിൽ പൂർത്തിയാക്കും. വരാപ്പുഴ കോട്ടുവള്ളി, പറവൂർ വടക്കേക്കര, മൂത്തകുന്നം വില്ലേജുകളിലെ വിതരണം ഈമാസം മുപ്പതിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തുക വിതരണം വേഗത്തിലാക്കാൻ അഞ്ച് ക്ലാർക്കുമാർ, നാല് റവന്യൂ ഇൻസ്പെക്ടർമാർ, വാല്യുവേഷൻ അസിസ്റ്റന്റ് എന്നിവരെ പുതുതായി നിയമിച്ചിട്ടുണ്ട്.