മൂവാറ്റുപുഴ: 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ വൃദ്ധയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പുതുപ്പാടിയിലെ ഒരു പറമ്പിൽ ജോലിക്കെത്തിയ, നെല്ലിക്കുഴി പറവഞ്ചേരി വിലാസിനി (58)യാണ് കാടുകയറിയ പറമ്പ് വൃത്തിയാക്കി വേസ്റ്റ് കത്തിക്കുന്നതിനിടെ കാൽ വഴുതി ആൾമറയില്ലാത്ത കിണറ്റിൽ വീണത്. കിണറ്റിൽ വെള്ളമില്ലായിരുന്നു. പുക നിറഞ്ഞ കിണറ്റിൽ നിന്ന് വൃദ്ധയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് സംഘം കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തി. വിലാസിനിക്ക് പരിക്കില്ല. ലീഡിംംഗ് ഫയർമാൻ കെ.പി സുബ്രഹ്മണ്യൻ, എഫ്.ആർ.ഒ സി.എം. നൗഷാദ്, ഫയർമാൻമാരായ ആർ.അന്തു ഗഫൂർ, റിയോപോൾ, വിഷ്ണു, ഷാനവാസ്, ഷമീർഖാൻ, വർഗീസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.