 
കോലഞ്ചേരി: ഇപ്പ ശര്യാക്കിത്തരാം... പട്ടിമറ്റം - നെല്ലാട് റോഡ് ടാറിംഗ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥിരം പല്ലവികേട്ട് നാട്ടുകാർ മടുത്തു. അവർ ചോദിക്കുന്നത് പൊടിയടിച്ച് മരിക്കും മുമ്പെങ്കിലും ഈ റോഡൊന്ന് ടാർ ചെയ്യുമോ എന്നാണ്. നിരുത്തരവാദ സമീപനത്തിന് പേരുകേട്ട ഒരുകൂട്ടം ഉദ്യോഗസ്ഥരാണ് റോഡിനെ ഈ ഗതിയിലെത്തിച്ചതെന്നാണ് പൊതുവേയുള്ള ആക്ഷേപം.
ഡിസംബർ 18ന് തുടങ്ങിയ അറ്റകുറ്റപ്പണിയാണ് രണ്ടരമാസം പിന്നിടുമ്പോൾ റോഡിൽ വെറ്റ് മിക്സ് നിരത്തി നാട്ടുകാർക്ക് പണി കൊടുത്തിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. നെല്ലാട് തുടങ്ങി പട്ടിമറ്റം വരെയാണ് ആദ്യഘട്ട അറ്റകുറ്റ പണിയാണ് നടക്കുന്നത്. ഇവിടെ റോഡിനുവേണ്ടി നടന്ന പ്രതിഷേധങ്ങളും കേസുകളും ഉദ്യോഗസ്ഥരെ തെല്ലൊന്നുമല്ല കുടുക്കിയത്. ഹൈക്കോടതിയിൽ നടക്കുന്ന വിവിധ കേസുകളിൽ മറുപടി കൊടുത്തും കോടതി കയറിയും ഉദ്യോഗസ്ഥർ മടുത്തു. ഒടുവിൽ പണി തുടങ്ങിയപ്പോൾ ഒരു പണി നാട്ടുകാർക്ക് കൊടുത്ത് ഉള്ളുറഞ്ഞ് ചിരിക്കുകയാണ് ഉദ്യോഗസ്ഥരെന്നാണ് പരാതി.
 പട്ടിമറ്റം ടൗണിൽ പൊടിപൂരം
ഒരാഴ്ച മുമ്പാണ് പട്ടിമറ്റം ടൗണിൽ വെറ്റ് മിക്സ് നിരത്തിയത്. അന്നുമുതൽ പൊടിയിൽ മുങ്ങിയിരിക്കുകയാണ് ടൗൺ. വേനലിന്റെ ശക്തികൂടിയതോടെ റോഡിൽ സദാസമയവും മൂടൽ മഞ്ഞുപോലെയാണ്. റോഡരികിലെ കച്ചവടക്കാർ ഇടയ്ക്കിടെ നനച്ച് കൊടുക്കുന്നുണ്ടെങ്കിലും കനത്ത ചൂടിൽ റോഡ് പെട്ടെന്നുണങ്ങും. പലരും കട തുറക്കുന്നേയില്ല. തിങ്കളാഴ്ച ടാറിംഗ് തുടങ്ങാമെന്നാണ് ഉദ്യോഗസ്ഥർ വ്യാപാരികളെ അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ നടപടിയായിട്ടില്ല. എപ്പോൾ ചോദിച്ചാലും നാളെ... നാളെ എന്ന പല്ലവി മാത്രം. പത്തുവർഷം നീണ്ട കാത്തിരിപ്പിന് ശേഷമാണ് റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നത് എന്നതിനാൽ എല്ലാം സഹിക്കുകയാണ് നാട്ടുകാർ.
 അറ്റകുറ്റപ്പണിക്ക് 2.12 കോടി രൂപ
അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് 2.12 കോടി രൂപയാണ് അറ്റകുറ്റപ്പണിക്ക് അനുവദിച്ചത്. പട്ടിമറ്റം മുതൽ കിഴക്കമ്പലംവരെ അടുത്ത ഘട്ടത്തിലാകും നിർമ്മാണം. ഇതിനായി 1.34 കോടി രൂപയുടെ അധിക എസ്റ്റിമേറ്റ് അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ റോഡിനായി നടന്ന പ്രക്ഷോഭങ്ങൾക്ക് കൈയുംകണക്കുമില്ല. രാഷ്ട്രീയ സമരപ്രഹസനങ്ങൾ കണ്ടുമടുത്ത ജനം ഒടുവിൽ വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ച് സമരരംഗത്താണ്. ബി.എം ബി.സി നിലവാരത്തിലെ റോഡിന് വേണ്ടിയാണ് പ്രക്ഷോഭം. തുടക്കം മുതൽ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് റോഡിനെ ഈ ഗതിയിലാക്കിയത്.