കൊച്ചി: ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആശുപത്രികളിൽ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ആയിരം വൃക്കമാറ്റിവക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായി ഹോസ്പിറ്റൽ മാനേജ്‌മെന്റ് അറിയിച്ചു. ആസ്റ്റർ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റർ മിംസ് കോഴിക്കോട്, ആസ്റ്റർ മിംസ് കോട്ടക്കൽ എന്നിവിടങ്ങളിലാണ് വൃക്കമാറ്റിവക്കൽ ശസ്ത്രക്രിയ നടക്കുന്നത്.

ലോക വൃക്കദിനത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകളിലെ കുഞ്ഞുങ്ങൾക്ക് കുറഞ്ഞ നിരക്കിലുള്ള വൃക്കമാറ്റിവക്കൽ ശസ്ത്രക്രിയയും മുതിർന്നവർക്ക് പ്രത്യേക ഇളവുകളോട് കൂടിയുള്ള വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയകളും ആസ്റ്റർ മെഡ്‌സിറ്റി, ആസ്റ്റർ മിംസ് കോഴിക്കോട്, ആസ്റ്റർ മിംസ് കോട്ടക്കൽ ആശുപത്രികളിൽ ലഭ്യമാക്കുമെന്ന് ആസ്റ്റർ ഗ്രൂപ്പിന്റെ കേരള ക്ലസ്‌റ്റർ ആൻഡ് ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു. ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ, ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ്, മറ്റ് സന്നദ്ധ സംഘടനകൾ, ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ക്രൗഡ് ഫണ്ടിംഗ് സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് കുറഞ്ഞ നിരക്കിലുള്ള ശസ്ത്രക്രിയകൾ യാഥാർത്ഥ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.